കുടകിൽ മെഡി. കോളജ് വനിത ഹോസ്റ്റലിൽ ആഭാസം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
text_fieldsമംഗളൂരു: മടിക്കേരിയിൽ കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വനിത ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ആഭാസപ്രകടനം നടത്തി എന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിഹുദിക്കേരി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കെ.എൻ. സിജിലാണ് (25) അറസ്റ്റിലായത്. ഞായറാഴ്ച മദ്യലഹരിയിൽ നടത്തിയ മോശം പ്രവൃത്തിയിൽ ക്ഷുഭിതരായ വിദ്യാർഥികൾ ഹോസ്റ്റലിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സമരം ചെയ്തിരുന്നു. ഇതേത്തുടർന്ന് സിജിലിനെ പിടികൂടുകയായിരുന്നു എന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ. രമ രാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു. വാഹനങ്ങളിൽ സഞ്ചരിക്കുന്ന ചിലരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടാവുന്നതായി ഹോസ്റ്റൽ അന്തേവാസികൾ പരാതിപ്പെട്ടിട്ടുണ്ട്.

