ബസിൽ പ്രസവം കരുതലായ ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സിയുടെ ആദരം
text_fieldsകർണാടക ആർ.ടി.സി ജീവനക്കാരായ കണ്ടക്ടർ എസ്. വസന്തമ്മ, ഡ്രൈവർ എച്ച്.ബി. കുമാരസ്വാമി
എന്നിവരെ അധികൃതർ ആദരിച്ചപ്പോൾ
ബംഗളൂരു: കർണാടക ആർ.ടി.സി ബസിൽ യുവതിയുടെ പ്രസവത്തിന് കരുതലും സഹായവുമൊരുക്കിയ ബസ് ജീവനക്കാർക്ക് കർണാടക ആർ.ടി.സിയുടെ ആദരം. ചിക്കമഗളൂരു ബസ് ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ എസ്. വസന്തമ്മ, ഡ്രൈവർ എച്ച്.ബി. കുമാരസ്വാമി എന്നിവരെയാണ് ബംഗളൂരുവിലെ ആസ്ഥാനത്ത് കെ.എസ്.ആർ.ടി.സി എം.ഡി ജി. സത്യവതി ആദരിച്ചത്. വസന്തമ്മക്ക് 5000 രൂപയും കുമാരസ്വാമിക്ക് 2000 രൂപയും പാരിതോഷികമായി നൽകി.
യാത്രക്കാരിയായ അസം സ്വദേശി ഫാത്തിമയാണ് (23) കഴിഞ്ഞദിവസം ബസിൽ പെൺകൺമണിക്ക് ജന്മം നൽകിയത്. നാൽപത്തഞ്ചോളം യാത്രക്കാരുമായി ബംഗളൂരുവില്‍നിന്നും ചിക്കമഗളൂരുവിലേക്കു പോയ കെ.എ 18 എഫ് 0865 ബസിൽ ബേലൂരിലേക്ക് ഭര്‍തൃമാതാവിനൊപ്പം യാത്രചെയ്യവെ, യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ വനിത കണ്ടക്ടര്‍ വസന്തമ്മ വണ്ടി നിർത്തിച്ച് യാത്രക്കാരെ മുഴുവന്‍ റോഡിലിറക്കി യുവതിയെ സീറ്റിൽ കിടത്തി. യുവതിയുടെ ഭര്‍തൃമാതാവിന്റെ സഹായത്തോടെ പ്രസവിച്ചു. പിന്നീട് യുവതിയെയും പെണ്കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റി. വസന്തമ്മയുടെ സന്ദര്‍ഭോചിത ഇടപെടലിനെ അഭിനന്ദിച്ച കെ.എസ്.ആര്.ടി.സി എം.ഡി സത്യവതി, മാതൃകാപരമായ സേവനമാണ് വസന്തമ്മ കാഴ്ചവെച്ചതെന്നും പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

