പുതിയ ബസുകളിറക്കി കെ.എസ്.ആർ.ടി.സി; മാറ്റമില്ലാതെ മെട്രോ
text_fieldsബംഗളൂരു: 2024ൽ കൂടുതൽ പുതിയ ബസുകൾ നിരത്തിലിറക്കി കർണാടക ആർ.ടി.സി. സംസ്ഥാനത്തെ സ്ത്രീകൾക്ക് സൗജന്യ യാത്രയനുവദിക്കുന്ന ശക്തി പദ്ധതി നടപ്പാക്കിയതിനു ശേഷം ബസുകളിൽ യാത്രക്കാർ വർധിച്ചതുകൂടി കണക്കിലെടുത്തായിരുന്നു കൂടുതൽ ബസുകളിറക്കിയത്.
പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പ്രതിദിനം ശരാശരി 93.64 ലക്ഷം യാത്രക്കാരാണുണ്ടായിരുന്നതെങ്കിൽ ശക്തി സ്കീം നടപ്പാക്കിയതിനു ശേഷം 116.63 ലക്ഷം യാത്രക്കാർ പ്രതിദിനം യാത്രക്കായി ബസുപയോഗിക്കുന്നുണ്ട്.
ശരാശരി 23.17 ലക്ഷമാണ് പ്രതിദിന യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന. 2023 ജൂൺ 11നായിരുന്നു സിദ്ധരാമയ്യ സർക്കാറിന്റെ അഞ്ചിന ഗാരന്റി പദ്ധതികളുടെ ഭാഗമായി സ്ത്രീകൾക്ക് സൗജന്യ യാത്രയനുവദിക്കുന്ന ശക്തി സ്കീം നടപ്പിലാക്കിയത്. ഇതേതുടർന്ന് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ, കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ, നോർത്ത് വെസ്റ്റ് കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ, ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ എന്നീ നാല് കോർപറേഷനുകൾക്കുമായി സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച വകയിൽ സംസ്ഥാന സർക്കാർ വലിയ സംഖ്യ നൽകാനുണ്ട്. കെ.എസ്.ആർ.ടി.സി പ്രീമിയം കാറ്റഗറിയിൽ 20 സ്ലീപ്പർ ബസുകളും ബംഗളൂരുവിനെ ജില്ല കേന്ദ്രങ്ങളുമായും വിവിധ നഗരങ്ങളുമായും ബന്ധിപ്പിക്കുന്ന പോയന്റ് ടു പോയന്റ് സർവിസായ അശ്വമേധ കാറ്റഗറിയിൽ 750 പുതിയ ബസുകളുമാണ് ഈ വർഷം നിരത്തിലിറക്കിയത്.
ബി.എം.ടി.സി പുതിയ 400 ഇലക്ട്രിക് ബസുകളിറക്കിയതോടെ ആകെ ഇലക്ട്രിക് ബസുകളുടെ എണ്ണം 1000 തൊട്ടു. അടുത്ത വർഷമിത് 2000 ആകുമെന്നാണ് ബി.എം.ടി.സി പറയുന്നത്. കൂടാതെ ബി.എസ് 6 കാറ്റഗറിയിൽപ്പെട്ട 100 ബസുകൾ കൂടി നിരത്തിലിറക്കി. 336 കോടി രൂപ ചെലവിൽ 840 ബസുകൾ നിരത്തിലിറക്കുന്നതിന്റെ ആദ്യ ഘട്ടമായിരുന്നു ഇത്. എൻ.ഡബ്ല്യു.കെ.ആർ.ടി.സിയും കെ.കെ.ആർ.ടി.സിയും ഈ വർഷം പുതിയ ബസുകൾ നിരത്തിലിറക്കിയിട്ടുണ്ട്.
മെല്ലെപ്പോക്കിൽ മെട്രോ
ഗ്രീൻ ലൈനിലെ നാഗസാന്ദ്ര-മാധവാര ഭാഗം തുറന്നതല്ലാതെ കാര്യമായ സൗകര്യങ്ങളൊന്നും നമ്മ മെട്രോക്ക് ഈ വർഷം യാത്രക്കാർക്ക് നൽകാനായില്ല. ഇതിൽ ഏറ്റവും പ്രധാനം യെല്ലോ ലൈനിൽ സർവിസുകൾ ആരംഭിക്കുന്നതായിരുന്നു. ആദ്യം സെപ്റ്റംബറിലും പിന്നീട് ഒക്ടോബറിലും ഒടുവിൽ ഡിസംബറിലും സർവിസ് തുടങ്ങുമെന്ന് പ്രതീക്ഷിച്ച യെല്ലോ ലൈനിൽ മെട്രോ ഓട്ടം തുടങ്ങാൻ മാർച്ച് കഴിയുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
ട്രെയിൻ കോച്ചുകൾ എത്താത്തതാണ് സർവിസുകൾ ആരംഭിക്കുന്നതിനുള്ള നിലവിലെ തടസ്സം. യെല്ലോ ലൈൻ ആർ.വി റോസ് സ്റ്റേഷനിൽ വെച്ച് ഗ്രീൻ ലൈനുമായും ജയദേവ ഹോസ്പിറ്റൽ സ്റ്റേഷനിൽ വെച്ച് പിങ്ക് ലൈനുമായും കണക്ഷനുണ്ട്. 18.82 കിലോമീറ്റർ ദൈർഘ്യം വരുന്ന ലൈനിൽ 16 സ്റ്റേഷനുകളാണുള്ളത്. ട്രെയിൻ കോച്ചുകൾ നിർമിക്കുന്നതിനായി 2019 ചൈന റെയിൽവേ റോളിങ് സ്റ്റോക്ക് കോർപറേഷൻ 1578 കോടി രൂപക്ക് കരാർ നേടിയെങ്കിലും കോച്ചുകൾ ഇന്ത്യയിൽ വെച്ചുതന്നെ നിർമിക്കണമെന്ന കരാർ വ്യവസ്ഥമൂലം നിർമാണ പ്ലാന്റിനായി കമ്പനിക്ക് സ്ഥലം ലഭിക്കാത്തത് ട്രെയിൻ കോച്ചുകൾ നിർമിക്കുന്നത് വൈകുന്നതിലേക്ക് നയിച്ചു. ഒടുവിൽ കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റഗർഹ് റെയിൽ സിസ്റ്റവുമായി ചേർന്ന് അവരുടെ പ്ലാന്റിൽനിന്നാണ് ഇപ്പോൾ കോച്ചുകൾ നിർമിക്കുന്നത്.
അതേസമയം, സർജാപുര മുതൽ ഹെബ്ബാൾ വരെയുള്ള റെഡ് ലൈനിന് മന്ത്രിസഭ ഈ മാസം തുടക്കത്തിൽ അംഗീകാരം നൽകി. പിങ്ക് ലൈനിലെ ആദ്യ ഘട്ടത്തിൽ അടുത്ത വർഷം അവസാനം സർവിസുകളാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

