പുറത്താക്കലിനെ ഭയക്കുന്നില്ല- ഈശ്വരപ്പ
text_fieldsബംഗളൂരു: തന്നെ ബി.ജെ.പിയിൽനിന്ന് പുറത്താക്കിയതിൽ ഭയമില്ലെന്നും ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും ശിവമൊഗ്ഗയിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ പറഞ്ഞു. ആറു വർഷത്തേക്ക് ബി.ജെ.പിയിൽനിന്ന് സസ്പെൻഡ് ചെയ്ത നടപടി സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കർണാടകയിൽ ബി.ജെ.പിയെ കെട്ടിപ്പടുക്കുന്നതിൽ ബി.എസ്. യെദിയൂരപ്പക്കും അന്തരിച്ച എച്ച്.എൻ. അനന്ത് കുമാറിനുമൊപ്പം മുഖ്യ പങ്കുവഹിച്ച നേതാവാണ് കെ.എസ്. ഈശ്വരപ്പ. കർണാടക ബി.ജെ.പിയുടെ മുൻ അധ്യക്ഷൻ കൂടിയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് വിട്ടുനിൽക്കുന്നതായി പാർട്ടിയെ അറിയിച്ച ഈശ്വരപ്പയെ സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പകരം മകൻ കെ.ഇ. കന്ദേഷിനാണ് സീറ്റ് നൽകിയത്. തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് വിട്ടുനിൽക്കാനുള്ള ഈശ്വരപ്പയുടെ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ, കെ.ഇ. കന്ദേഷ് ശിവമൊഗ്ഗ റൂറൽ മണ്ഡലത്തിൽ തോറ്റു. ഇതോടെ മകന് ഹാവേരി മണ്ഡലത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റുറപ്പിക്കാൻ ഈശ്വരപ്പ ശ്രമിച്ചെങ്കിലും നടന്നില്ല.
മുൻ മുഖ്യമന്ത്രിയും ബി.എസ്. യെദിയൂരപ്പയുടെ അടുപ്പക്കാരനുമായ ബസവരാജ് ബൊമ്മൈക്കാണ് ഹാവേരി സീറ്റ് നൽകിയത്. മകന് സീറ്റുനൽകാമെന്ന് പറഞ്ഞ് യെദിയൂരപ്പ വഞ്ചിച്ചതായി ആരോപിച്ച ഈശ്വരപ്പ ശിവമൊഗ്ഗയിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
യെദിയൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയാണ് ശിവമൊഗ്ഗ സിറ്റിങ് എം.പി. യെദിയൂരപ്പയുടെ രണ്ടാമത്തെ മകൻ ബി.വൈ. വിജയേന്ദ്ര ശിക്കാരിപുര എം.എൽ.എയും കർണാടക ബി.ജെ.പി അധ്യക്ഷനുമാണ്. കർണാടക ബി.ജെ.പി നിയന്ത്രിക്കുന്നത് അച്ഛനും മകനുമാണെന്ന് കുറ്റപ്പെടുത്തിയ ഈശ്വരപ്പ തന്റെ മത്സരം കുടുംബാധിപത്യത്തിനെതിരാണെന്നും വ്യക്തമാക്കിയിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച സമാപിച്ചിരുന്നു. സ്വതന്ത്രനായി മത്സരിക്കുന്ന ഈശ്വരപ്പക്ക് കർഷകനും രണ്ടു കരിമ്പിൻ തണ്ടുമാണ് തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ച ചിഹ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.