കെ.ആർ പുരം- വൈറ്റ്ഫീൽഡ് മെട്രോ പാതക്ക് പച്ചക്കൊടി
text_fieldsബംഗളൂരു: നമ്മ മെട്രോ പർപ്പിൾ ലൈനിൽ കെ.ആർ പുരം- വൈറ്റ്ഫീൽഡ് പാതയിൽ യാത്രാ സർവിസിന് മെട്രോ റെയിൽവേ സുരക്ഷ കമീഷണറുടെ അനുമതി. ഈ പാതയിലെ അനുബന്ധ പ്രവൃത്തികൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കി മാർച്ച് 15ന് ശേഷം വാണിജ്യ സർവിസ് ആരംഭിക്കുമെന്ന് ബി.എം.ആർ.സി.എൽ എം.ഡി അൻജും പർവേസ് പറഞ്ഞു. അന്തിമ പ്രവൃത്തികൾ പൂർത്തിയാക്കിയ ശേഷം മെട്രോ റെയിൽവേ സുരക്ഷ കമീഷണർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഈറൂട്ടിൽ ഐ.ടി ജീവനക്കാരടക്കമുള്ള തൊഴിലാളികൾക്ക് മെട്രോ യാത്ര ഏറെ ആശ്വാസകരമാവും.
ബൈയപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള 15.5 കിലോമീറ്റർ പാത പദ്ധതിയുടെ ഭാഗമാണ് 13.71 കിലോമീറ്റർ വരുന്ന കെ.ആർ പുരം- വൈറ്റ്ഫീൽഡ് പാത. ഫെബ്രുവരി 22 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് മെട്രോ റെയിൽവേ സുരക്ഷ കമീഷണർ (സി.എം.ആർ.എസ്) അഭയ് കുമാർ റായിയുടെ നേതൃത്വത്തിൽ സുരക്ഷ പരിശോധന നടത്തിയത്. മെട്രോ പാത പൊതുജനങ്ങൾക്ക് യാത്രക്കായി തുറന്നുനൽകുന്നതിന് മുന്നോടിയായുള്ള നിർണായക പരിശോധനയായിരുന്നു ഇത്.
പാതയിലൂടെയുള്ള വൈദ്യുതി പ്രസരണം, സിഗ്നൽ സംവിധാനങ്ങളുടെ കാര്യക്ഷമത, വളവുകളുടെ പരിധി, മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, സ്റ്റേഷനുകളിൽ രാത്രിയിലെ ലൈറ്റ് സംവിധാനം തുടങ്ങിയവയാണ് പ്രധാനമായും പരിശോധന വിധേയമാക്കിയത്. ബൈയപ്പനഹള്ളിയിലെ ഓപറേഷനൽ കൺട്രോൾ സെന്ററും മെട്രോ റെയിൽവേ സുരക്ഷ കമീഷണർ പരിശോധിച്ചിരുന്നു. കെ.ആർ പുരം, മഹാദേവപുര, ഗരുഡാചരപാളയ, ഹൂഡി ജങ്ഷൻ, സീതാരാമ പാളയ, കുന്ദലഹള്ളി, നല്ലൂർ ഹള്ളി, സാദരമംഗല, പട്ടന്തൂർ അഗ്രഹാര, കാഡുഗൊഡി, ചന്നസാന്ദ്ര, വൈറ്റ്ഫീൽഡ് എന്നീ 12 സ്റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്. കെ.ആർ പുരം, വൈറ്റ് ഫീൽഡ് മെട്രോ സ്റ്റേഷനുകളിൽ പാർക്കിങ് സൗകര്യം, സ്റ്റേഷനുകൾക്ക് സമീപം ബി.എം.ടി.സി ബസുകൾക്ക് പാർക്കിങ്ങിനായി ബസ് ബേ എന്നിവ ഒരുക്കും. വൈറ്റ് ഫീൽഡ്, കെ.ആർ പുരം മെട്രോ സ്റ്റേഷനുകളെ തൊട്ടടുത്ത റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ച് നടപ്പാലവും ബി.എം.ആർ.സി.എൽ നിർമിക്കും. ബൈയപ്പനഹള്ളി മുതൽ കെ.ആർ പുരം വരെയുള്ള 1.54 കിലോമീറ്റർ പാതയിൽ സുരക്ഷ പരിശോധന പൂർത്തിയാക്കി ഈവർഷം മധ്യത്തോടെ സർവിസിനായി തുറന്നുനൽകാനാണ് ബി.എം.ആർ.സി.എൽ ശ്രമം. ഈ പാതകൂടി തുറക്കുന്നതോടെ പർപ്പ്ൾ ലൈനിൽ കെങ്കേരി മുതൽ വൈറ്റ് ഫീൽഡ് വരെ യാത്രചെയ്യാനാവും. മാർച്ച് 11ന് ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കെ.ആർ പുരം- വൈറ്റ്ഫീൽഡ് പാതയിലെ വാണിജ്യ സർവിസും ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

