സാനു മാഷ്: മലയാള നീതിബോധത്തിന്റെ മറുനാമം -കെ.ആർ. കിഷോർ
text_fieldsതിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച എം.കെ. സാനു അനുസ്മരണ യോഗത്തിൽ എഴുത്തുകാരൻ കെ.ആർ. കിഷോർ സംസാരിക്കുന്നു
ബംഗളൂരു: സംസ്കാര വിമർശനവീഥികളിലൂടെ മുക്കാൽ നൂറ്റാണ്ട് കാലം ഏകനായി സഞ്ചരിച്ച എം.കെ. സാനു മാഷ് മലയാളിയുടെ നൈതികത, ധാർമികത, സമഭാവന, പുരോഗമന സങ്കൽപങ്ങൾ എന്നിവയുടെ മറുനാമമാണെന്ന് എഴുത്തുകാരൻ കെ.ആർ. കിഷോർ അഭിപ്രായപ്പെട്ടു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച എം.കെ. സാനു അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൃതി വിനിമയംചെയ്യുന്ന പാഠത്തെ ആത്മലയനത്തിലൂടെ ആസ്വദിച്ച് കാലം, സമൂഹം, രാഷ്ട്രീയം എന്നീ നാഡീ ഞരമ്പുകളിലൂടെ സഞ്ചരിക്കുന്ന പുനഃസൃഷ്ടികളായിരുന്നു സാനു മാഷിന്റെ നിരൂപണങ്ങൾ.
ഖണ്ഡനമണ്ഡനങ്ങളെ നിരാകരിക്കുന്ന ഈ രചനാരീതിയിലൂടെ മലയാള നിരൂപണശാഖയെ കൂടുതൽ സർഗാത്മകമാക്കാൻ സാനുമാഷിനു കഴിഞ്ഞതായും അദ്ദേഹം വിശദീകരിച്ചു. കൃതിയുടെ ആസ്വാദനത്തിന്റെ പ്രാഥമിക തലങ്ങളെ ഭേദിച്ച് ഉന്നതങ്ങളിൽനിന്നും ഒഴുകുന്ന സർഗാതമക ബഹിർഗമനമാണ് സാനുമാഷിന്റെ വിമർശനമെന്ന് ചർച്ച ഉദ്ഘാടനം ചെയ്ത സാംസ്കാരിക പ്രവർത്തക രതി സുരേഷ് അഭിപ്രായപ്പെട്ടു.
കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സാനുമാഷിന്റെ ജീവിതരേഖ നളിനി ആൻ അവതരിപ്പിച്ചു. ചർച്ചയിൽ ആർ.വി. ആചാരി, കെ.പി. ഗോപാലകൃഷ്ണൻ, കെ. ചന്ദ്രശേഖരൻ നായർ, ബി.എസ്. ഉണ്ണികൃഷ്ണൻ, ഉമേഷ് ശർമ, സി. കുഞ്ഞപ്പൻ, ആർ.വി. പിള്ള, ശ്രീകണ്ഠൻ നായർ, രാധ ടീച്ചർ എന്നിവർ സംസാരിച്ചു. ഇ. പ്രഹ്ലാദൻ, ആർ.വി. പിള്ള, പി. മോഹൻദാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. സെക്രട്ടറി പി.പി. പ്രദീപ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

