കൊങ്കണി സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsമംഗളൂരു: കർണാടക കൊങ്കണി സാഹിത്യ അക്കാദമി 2024ലെ ഓണററി, പുസ്തക അവാർഡുകൾ പ്രഖ്യാപിച്ചതായി അക്കാദമി പ്രസിഡന്റ് സ്റ്റാനി അൽവാരെസ് വ്യാഴാഴ്ച വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 23ന് മൈസൂരു വിജയനഗറിലെ കൊങ്കണി ഭവനിൽ കർണാടക കൊങ്കണി സാഹിത്യ അക്കാദമിയും മൈസൂരുവിലെ കൊങ്കണി ക്രിസ്ത്യൻ അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ അവാർഡുകൾ സമ്മാനിക്കും.ഓണററി അവാർഡുകൾ: കൊങ്കണി സാഹിത്യം -പാട്രിക് കാമിൽ മോറസ്. കൊങ്കണി കല: ജോയൽ പെരേര, കൊങ്കണി നാടോടി: സോബിന മോതേഷ് കാംബ്രേക്കർ. പുസ്തക അവാർഡുകൾ: ഫെൽസി ലോബോ - പാൽവ പോന്ത് (കവിത), വലേറിയൻ സെക്വിയേര - ഷെതം ബതം തോറ്റാംനി (നോവൽ).
ഓണററി അവാർഡുകൾക്ക് 50,000 രൂപയും പുസ്തക അവാർഡുകൾക്ക് 25,000 രൂപ വീതവുമാണ് സമ്മാനത്തുക. ചാമരാജ നിയോജകമണ്ഡലം എം.എൽ.എ കെ. ഹരീഷ് ഗൗഡ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനംചെയ്യും. അക്കാദമി പ്രസിഡന്റ് സ്റ്റാനി അൽവാരെസ് അധ്യക്ഷത വഹിക്കും.

