കൊഗിലു ഭവന നിർമാണം സർക്കാറിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നു -മൈസൂരു ചേരി നിവാസികള്‍
text_fieldsസിദ്ധരാമയ്യ
ബംഗളൂരു: കൊഗിലു ലേഔട്ടിലെ കുടിയേറ്റ കുടുംബങ്ങൾക്ക് മൂന്നോ നാലോ ദിവസത്തിനുള്ളിൽ വീടുകൾ നൽകുമെന്ന് കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ചതിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജന്മനാടായ മൈസൂരുവിൽ കടുത്ത പ്രതിഷേധം. വർഷങ്ങളായി ആയിരക്കണക്കിന് ചേരി നിവാസികൾ പുനരധിവാസത്തിന് കാത്തിരിക്കുകയാണ്. നിരവധി തവണ അപ്പീലുകൾ നൽകിയിട്ടും ഭവനനിർമാണം അവഗണിക്കപ്പെട്ടുവെന്ന് ചേരിനിവാസികൾ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് നയമാണ് ഇവിടെ വ്യക്തമാകുന്നത്. അതേസമയം ബംഗളൂരുവിലെ കുടിയേറ്റക്കാരോട് മുഖ്യമന്ത്രിയുടെ സമീപനം വ്യത്യസ്തമാണ്. പുതുവത്സര പ്രഖ്യാപനത്തിൽ കൊഗിലു ലേഔട്ട് നിവാസികൾക്ക് ബയപ്പനഹള്ളിയിൽ വീട് നിർമിച്ച് നൽകുമെന്ന് സിദ്ധരാമയ്യ ഉറപ്പുനല്‍കിയിരിക്കുന്നു. സിദ്ധരാമയ്യയുടെ നഗരസന്ദർശനവേളകളിൽ പുനരധിവാസവും അടിസ്ഥാന സൗകര്യങ്ങളും ആവശ്യപ്പെട്ട് നിരന്തരം നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്ന് മൈസൂരുവിലെ ചേരി നിവാസികൾ പറയുന്നു.
അപേക്ഷകൾക്ക് പ്രതികരണമുണ്ടായില്ല. മൈസൂരിലെ ചേരിനിവാസികൾക്ക് കുടിവെള്ളം, വൈദ്യുതി, ശരിയായ റോഡുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്. ചാമരാജ, കൃഷ്ണരാജ മണ്ഡലങ്ങളിലായി 106 ചേരി പ്രദേശങ്ങളും നരസിംഹരാജ മണ്ഡലത്തിൽ 22 ചേരി പ്രദേശങ്ങളുമുണ്ട്. പുനരധിവാസത്തിനുശേഷം ചാമുണ്ഡേശ്വരി നിയോജകമണ്ഡലം മാത്രമേ ചേരിരഹിതമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

