കൊഗിലു കുടിയൊഴിപ്പിക്കൽ; വീടുകൾക്ക് അർഹത 90 കുടുംബങ്ങള്‍ക്ക് മാത്രം -മന്ത്രി ബൈരതി സുരേഷ്
text_fieldsബൈരതി സുരേഷ്
ബംഗളൂരു: കൊഗിലു ലേഔട്ടിലെ ഫഖീർ കോളനിയിൽനിന്ന് കുടിയിറക്കപ്പെട്ട 300 ഓളം കുടുംബങ്ങളില്‍ 90 കുടുംബങ്ങൾക്ക് മാത്രമേ നഷ്ടപരിഹാരമായി വീടിന് അർഹതയുള്ളൂവെന്ന് കർണാടക നഗരവികസന മന്ത്രി ബൈരതി സുരേഷ് പറഞ്ഞു.
എല്ലാ കുടുംബങ്ങള്‍ക്കും താമസ സൗകര്യം ഒരുക്കുമെന്ന അവകാശവാദം അദ്ദേഹം തള്ളിക്കളഞ്ഞു. ഭവന വകുപ്പിലെയും സാമൂഹികക്ഷേമ വകുപ്പിലെയും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സർവേ നടത്തി. 90 പേർ മാത്രമാണ് തദ്ദേശവാസികളായുള്ളത്.
നഗരത്തിൽ നിന്നുള്ളവർക്കും യഥാർഥ ഗുണഭോക്താക്കൾക്കും മാത്രമേ വീടുകൾ നൽകുകയുള്ളൂവെന്ന് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. അതേസമയം നിയമവിരുദ്ധമായി വീടുകള്‍ അനുവദിച്ചാല്‍ ജനുവരി അഞ്ചിന് ബംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി മുന്നറിയിപ്പ് നൽകി.
ഒരു വര്‍ഷം മുമ്പ് വീടിനായി ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് പോലും ഇതുവരെ വീടുകള്‍ ലഭിച്ചിട്ടില്ലെന്ന് യലഹങ്ക ബി.ജെ.പി എം.എല്‍.എ. വിശ്വനാഥ് ആരോപിച്ചു. രാജീവ്ഗാന്ധി ആവാസ് യോജന പ്രകാരം വീട് അര്‍ഹരായവര്‍ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ താഴെയുള്ളവരും അഞ്ചുവര്‍ഷം നഗരത്തില്‍ താമസിക്കുന്നവരും ആയിരിക്കണം. ഇതിനായി റവന്യൂ അധികാരികള്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റ് വേണം.
എന്നാല്‍, ഫഖീർ കോളനിയിലെ ആര്‍ക്കും ഇതില്ല. ആറു വര്‍ഷം മുമ്പ് അപേക്ഷിച്ചവര്‍ ഇപ്പോഴും വീടിനായി കാത്തിരിക്കുമ്പോള്‍ ഒരാഴ്ച മുമ്പ് അപേക്ഷിച്ചവരെ പരിഗണിക്കുന്നത് അന്യായമാണ്. ബി.ജെ.പി ഇത് കോടതിയില്‍ നിയമപരമായി ചോദ്യം ചെയ്യും. മറ്റുള്ളവര്‍ക്ക് 10.5 ലക്ഷം രൂപ നല്‍കേണ്ടി വരുമ്പോള്‍ ഫഖീർ കോളനിയിൽ നിന്നുള്ളവര്‍ക്ക് 2.5 ലക്ഷം മാത്രം ഈടാക്കി വീട് നല്‍കുന്നെന്നും എം.എല്‍.എ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

