ക്ഷാമം, സ്വകാര്യ കമ്പനികളിൽനിന്ന് 1100 മെഗാവാട്ട് വൈദ്യുതി വാങ്ങും
text_fieldsRepresentational Image
ബംഗളൂരു: മൺസൂൺ മഴ കിട്ടാത്തതിനാൽ കനത്ത വരൾച്ച നേരിടുന്ന സംസ്ഥാനത്ത് വൈദ്യുതിക്ഷാമം രൂക്ഷമായി തുടരുന്നു. സ്വകാര്യ കമ്പനികളിൽനിന്ന് 1100 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നടപടികളിലാണ് സംസ്ഥാനത്തെ പൊതുമേഖല വൈദ്യുതി വിതരണ കമ്പനികൾ (എസ്കോംസ്). ഇലക്ട്രിസിറ്റി ആക്ടിലെ സെക്ഷൻ 11 പ്രകാരമാണ് സ്വകാര്യമേഖലയിൽനിന്ന് വൈദ്യുതി വാങ്ങുകയെന്ന് അധികൃതർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തിന് 1500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്.
നിലവിലെ സാഹചര്യം ചർച്ചചെയ്യാൻ കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി കെ.ജെ. ജോർജ് എസ്കോംസിന്റെ തലവന്മാരുടെ യോഗം വിളിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതി ഉൽപാദനത്തിൽ 40 ശതമാനത്തിന്റെ വർധനയുണ്ടായി. മഴ ഇല്ലാത്തതു കാരണം കർഷകർക്ക് ജലസേചനത്തിനായി പമ്പുസെറ്റുകൾ ഉപയോഗിക്കേണ്ടിവന്നു. ഇതുകൂടിയാണ് വൈദ്യുതി ക്ഷാമത്തിന് കാരണം. വൈദ്യുതി വാങ്ങുന്നതോടെ ദിവസേന അഞ്ചു മണിക്കൂർ വീതം ത്രീഫേസ് വൈദ്യുതി കർഷകർക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ഗ്രിഡിലെ കർണാടകയുടെ വിഹിതം കൂട്ടാമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടുണ്ട്. ഇത് ഡിസംബർ ഒന്നുമുതലാണ് പ്രാബല്യത്തിൽ വരുക. വൈദ്യുതിയുടെ അടിയന്തര ആവശ്യം നിറവേറ്റാനാണ് 1100 മെഗാവാട്ട് സ്വകാര്യ കമ്പനികളിൽനിന്ന് വാങ്ങുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒക്ടോബർ മാസത്തിൽ അപ്രതീക്ഷിതമായി 15,000 മെഗാവാട്ടിന്റെ ആവശ്യകത വന്നതും തിരിച്ചടിയായി. കരുതൽ ശേഖരം 3000 ദശലക്ഷം യൂനിറ്റായി കുറഞ്ഞിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ വാർഷികാവശ്യത്തിന്റെ നാലു ശതമാനമാണിത്. മഴ കിട്ടാത്തതിനാൽ കർഷകർ ജലസേചനത്തിനായി വൻതോതിൽ വൈദ്യുതി ഉപയോഗിക്കേണ്ടിവന്നതാണ് വൈദ്യുതിക്ഷാമത്തിന് മുഖ്യ കാരണം. സാധാരണ സീസണിന് മുമ്പേതന്നെ ഇത്തവണ പമ്പുസെറ്റുകൾ ഉപയോഗിച്ചാണ് കർഷകർ ജലസേചനം നടത്തിയത്. മഴ ലഭിച്ചിരുന്നുവെങ്കിൽ ഇത് ആവശ്യമായി വരുമായിരുന്നില്ല. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വൻ മഴക്കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതിനാൽ പ്രധാന ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞു.
ഈ വർഷം വരൾച്ച മൂലം സംസ്ഥാനത്തെ കർഷകർക്ക് 30,000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 42 ലക്ഷം ഹെക്ടർ കൃഷിനാശമാണുണ്ടായത്. 236 താലൂക്കുകളിൽ 216ഉം വരൾച്ചബാധിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

