കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു
text_fieldsകേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തുന്നു
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു. ‘നാട്ടുജീവിതവും ജനസംസ്കാരവും’ എന്ന വിഷയത്തിൽ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. നാട്ടഴകുകളിലൂടെയും നാട്ടറിവ് നാനാർഥങ്ങളിലൂടെയും നൂറ്റാണ്ടുകളായി രൂപപ്പെട്ട മലയാളി സ്വത്വത്തിന്റെ ഏറ്റവും ഉന്നതമായ മാനവികമൂല്യം ഏകത്വത്തിന്റെയും സമത്വത്തിന്റെതുമാണ്. ഒരുപാടുകാലം ജാതിമത വർഗ വിഭാഗീയതകളാൽ ജീർണമായി കിടന്നുവെങ്കിലും നമ്മുടെ ജനസംസ്കാരത്തിന്റെ ആദിമൂല്യങ്ങളിൽ ഒന്ന് ജാതിമതാതീതമായ മാനവികതയാണ്.
ആ ഏകത്വമാണ് നമ്മുടെ ഓണക്കഥകളിലും മറ്റും കാണുന്നത്. നമ്മുടെ നവോത്ഥാനത്തിന്റെ കാതൽ ഈ ഏകത്വവും സമഭാവനയുമാണ്. ആ സംസ്കാരത്തിന്റെ വളർച്ചയാണ് നമ്മുടെ കലാസമിതികളും വായനശാലകളും സമാജങ്ങളും മറ്റു കൂട്ടായ്മകളുമെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. സമാജം പ്രസിഡന്റ് പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. ആർ.വി. ആചാരി, കെ.ആർ. കിഷോർ, ശാന്തകുമാർ എലപ്പുള്ളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി സ്വാഗതവും ജോയന്റ് ട്രഷറർ പദ്മനാഭൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

