കേരള സമാജം സാന്ത്വനഭവനം പദ്ധതി: 14 വീടുകളുടെ താക്കോൽ ദാനം 21ന്
text_fieldsകേരള സമാജം സാന്ത്വനഭവനം പദ്ധതിയിൽ നിർമിച്ച വീടുകളിലൊന്ന്
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം സാന്ത്വനഭവനം പദ്ധതിയുടെ ഉദ്ഘാടനവും 14 വീടുകളുടെ താക്കോൽ ദാനവും മാർച്ച് 21ന് രാവിലെ 10ന് വയനാട്ടിൽ നടക്കും. കല്പറ്റ മുട്ടിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി രാഹുൽ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും.
കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാൽ എം.പി, എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു, എൻ.ഡി. അപ്പച്ചൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചർ, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാട്, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് തുടങ്ങിയവർ സംബന്ധിക്കും.
2019ലെ കാലവർഷക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ട വയനാട് ജില്ലയിലെ കല്പറ്റ മുട്ടിൽ പഞ്ചായത്തിലുള്ള 14 കുടുംബങ്ങൾക്കാണ് കേരള സമാജം സാന്ത്വന ഭവനം പദ്ധതിയിലൂടെ വീടുകൾ നിർമിച്ചുനൽകിയത്. അർഹരായ 100 കുടുംബങ്ങൾക്ക് വീടുകൾ വെച്ചുനൽകാനാണ് കേരള സമാജം ലക്ഷ്യമാക്കുന്നതെന്ന് ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.
1940ൽ ബംഗളൂരുവിൽ രൂപവത്കരിച്ച മലയാളികളുടെ ആദ്യത്തെ സംഘടനയാണ് കേരള സമാജം. വിദ്യാഭ്യാസ രംഗത്തും കാരുണ്യ സാംസ്കാരിക രംഗത്തും മുന്നിൽ നിൽക്കുന്ന പ്രസ്ഥാനമാണിത്. ബംഗളൂരുവിൽ 12 വിദ്യാഭ്യാസ സ്ഥാപനങ്ങളും ഐ.എ.എസ് അക്കാദമിയും നടത്തുന്നുണ്ട്.
പത്തു വർഷത്തിനുള്ളിൽ അക്കാദമിയിൽനിന്ന് 140 പേർക്ക് സിവിൽ സർവിസ് ലഭിച്ചിട്ടുണ്ട്. സമാജത്തിനു കീഴിൽ നാല് ആംബുലൻസുകളുണ്ട്. ആറു ഡയാലിസിസ് യൂനിറ്റുകളും പ്രവർത്തിക്കുന്നു.
ആദ്യ വീടിന്റെ തറക്കല്ലിടൽ വയനാട് കലക്ടറായിരുന്ന ഡോ. അദീല അബ്ദുല്ലയും കെട്ടിട നിർമാണത്തിന്റെ ഉദ്ഘാടനം സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണനുമാണ് നിർവഹിച്ചത്. കോവിഡ് കാരണം നിർമാണപ്രവർത്തനങ്ങൾ ഏറെനാൾ തടസ്സപ്പെട്ടിരുന്നു.
കല്പറ്റ ഫ്രണ്ട്സ് ക്രിയേറ്റിവ് മൂവ്മെന്റിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. വിശദ വിവരങ്ങള്ക്ക് 9845222688, 98800 66695 നമ്പറുകളിൽ വിളിക്കാം.