കേരള സർക്കാറിന്റെ മലയാള ഭാഷ ബിൽ കന്നട ന്യൂനപക്ഷ വിരുദ്ധം -മന്ത്രി ദിനേശ് ഗുണ്ടുറാവു
text_fieldsദിനേശ് ഗുണ്ടുറാവു
മംഗളൂരു: കേരള സർക്കാറിന്റെ മലയാള ഭാഷാ ബിൽ 2025 കേരളത്തിലെ കന്നട സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് അതിർത്തി ജില്ലയായ കാസർകോട്ട് താമസിക്കുന്നവരുടെ താൽപര്യത്തിന് വിരുദ്ധമാണെന്ന് ദക്ഷിണ കന്നട ജില്ല ചുമതലയുള്ള ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ വിഷയം ഇതിനകം ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കന്നട സംസാരിക്കുന്ന ജനങ്ങളുടെ താൽപര്യത്തിന് വേണ്ടിയല്ല ബിൽ. അതിർത്തി പ്രദേശങ്ങളിലെ കന്നടിഗർക്ക് അനീതിയായിരിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യത്തിൽ കേരള മുഖ്യമന്ത്രിയുമായി സംസാരിക്കും. സർക്കാർ, വിദ്യാഭ്യാസം, വാണിജ്യം എന്നിവക്കുള്ള ഏക ഔദ്യോഗിക ഭാഷയായി മലയാളം സ്ഥാപിക്കുന്ന മലയാള ഭാഷാ ബിൽ കേരള നിയമസഭ അടുത്തിടെ പാസാക്കുകയും ഗവർണറുടെ അനുമതിക്കായി കാത്തിരിക്കുകയും ചെയ്യുകയാണെന്ന് മന്ത്രി പറഞ്ഞു. കന്നട ഭാഷയുടെ അവകാശങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ ആരോപിച്ചു.
കേരളത്തിലെ, പ്രത്യേകിച്ച് കാസർകോട് മേഖലയിലെ കന്നട മീഡിയം സ്കൂളുകളിൽ മലയാളം നിർബന്ധമാക്കുന്നതായുള്ള റിപ്പോർട്ടുകളോട് പ്രതികരിച്ചുകൊണ്ട്, അയൽ സംസ്ഥാനം ‘ഇരട്ടത്താപ്പ് നയം’ സ്വീകരിക്കുകയാണെന്ന് കട്ടീൽ ആരോപിച്ചു. പരമ്പരാഗതമായി കന്നട സംസാരിക്കുന്ന പ്രദേശമായ കാസർകോട്ടും സമാനമായ ശ്രമങ്ങൾ മുമ്പ് നടന്നിരുന്നെങ്കിലും കന്നട പ്രവർത്തകരുടെ നിരന്തരമായ പ്രതിഷേധത്തെത്തുടർന്ന് അത് നിർത്തിവെച്ചിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇപ്പോൾ, കേരളത്തിലെ സർക്കാർ വീണ്ടും കന്നടക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നു. ഈ നീക്കത്തെ താൻ ശക്തമായി അപലപിക്കുന്നു. കാസർകോട്, കന്നടയാണ് പ്രാഥമിക ഭാഷ, അതിന് പ്രഥമ പരിഗണന നൽകണം. മലയാളത്തെ ഉൾക്കൊള്ളാമെന്ന് പറയുമ്പോൾ, കന്നടയുടെ പദവിയിൽ വെള്ളം ചേർക്കരുത്.
പൊതുജനങ്ങളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ കട്ടീൽ, കർണാടക സർക്കാർ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യ നിർണായകമായി ഇടപെട്ട് കേരള സർക്കാറിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുൻ എം.പി കൂടിയായ കട്ടീൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

