കെ.ഇ.എ പരീക്ഷ ക്രമക്കേട്; മുഖ്യ സൂത്രധാരൻ ആർ.ഡി. പാട്ടീൽ പിടിയിൽ
text_fieldsആർ.ഡി. പാട്ടീൽ
ബംഗളൂരു: കർണാടക എക്സാമിനേഷൻ അതോറിറ്റി (കെ.ഇ.എ) പരീക്ഷ ക്രമക്കേടിന്റെ സൂത്രധാരൻ ആർ.ഡി. പാട്ടീൽ മഹാരാഷ്ട്രയിൽ അറസ്റ്റിൽ. കലബുറഗിയിലെ വരദ അപ്പാർട്മെന്റിൽ താമസിച്ചിരുന്ന ഇയാൾ പത്തുദിവസമായി ഒളിവിലായിരുന്നു. മഹാരാഷ്ട്രയിൽനിന്ന് ഇയാളെ കർണാടകയിൽ എത്തിക്കാനുള്ള നടപടികളിലാണ് പൊലീസ്. കെ.ഇ.എ നടത്തിയ റിക്രൂട്ട്മെന്റ് പരീക്ഷയിൽ ക്രമക്കേട് നടത്തിയ 18 പേർ നേരത്തേ അറസ്റ്റിലായിരുന്നു.
പരീക്ഷയെഴുതുന്നവർക്ക് ബ്ലൂ ടൂത്ത് വഴിയും മറ്റും പുറത്തുനിന്ന് ഉത്തരങ്ങൾ എത്തിച്ചുകൊടുത്തായിരുന്നു ക്രമക്കേട്. വിവിധ ബോർഡുകളിലും കോർപറേഷനുകളിലുമുള്ള ഫസ്റ്റ് ഡിവിഷനൽ അസിസ്റ്റന്റുമാരുടെ ഒഴിവിലേക്കായിരുന്നു പരീക്ഷ. മുമ്പ് പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷയിൽ നടന്ന വൻ ക്രമക്കേടിലെ സൂത്രധാരനും ആർ.ഡി. പാട്ടീലാണ്. 39കാരനായ ആർ.ഡി. പാട്ടീലിനെതിരെ വിവിധ റിക്രൂട്ട്മെന്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് 16 കേസുകളാണുള്ളത്. സിവിൽ കരാറുകാരനായ ഇയാൾ കോൺഗ്രസിന്റെ അഫ്സൽപുർ കമ്മിറ്റി മുൻ പ്രസിഡന്റ് ഡി. മഹന്ദേശിന്റെ സഹോദരനാണ്. പാട്ടീൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി ടിക്കറ്റിൽ അഫ്സൽപുർ മണ്ഡലത്തിൽനിന്ന് മത്സരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

