ജാതി സെൻസസിൽ മുസ്ലിംകളുടെ ജാതിയായി ‘മുസ്ലിം’ രേഖപ്പെടുത്താൻ നിർദേശം
text_fieldsജാതി സെൻസസിന് മുന്നോടിയായി ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീർ അഹമ്മദ് ഖാന്റെ നേതൃത്വത്തിൽ ബംഗളൂരുവിൽ നടന്ന ന്യൂനപക്ഷ സമുദായ നേതാക്കളുടെ യോഗത്തിൽനിന്ന്
മംഗളൂരു: കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ തിങ്കളാഴ്ച മുതൽ നടത്തുന്ന ജാതി സെൻസസിന് മുന്നോടിയായി ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീർ അഹമ്മദ് ഖാന്റെ നേതൃത്വത്തിൽ ബംഗളൂരുവിൽ ന്യൂനപക്ഷ സമുദായ നേതാക്കളുടെ യോഗം ചേർന്നു. ഇസ്ലാം മത വിശ്വാസികൾ ജാതി സെൻസസിൽ മതം എന്ന കോളത്തിൽ ‘ഇസ്ലാം’ എന്നും ജാതി എന്ന കോളത്തിൽ ‘മുസ്ലിം’ എന്നും രേഖപ്പെടുത്തണമെന്ന് മന്ത്രി അറിയിച്ചു.
ഇതു സംബന്ധിച്ച് സമുദായ അംഗങ്ങൾക്കിടയിൽ ആവശ്യമായ ബോധവത്കരണം നൽകാനും തീരുമാനിച്ചു. യോഗത്തിൽ ഹജ്ജ് മന്ത്രി റഹിം ഖാൻ, ഗവ. ചീഫ് വിപ്പ് സലീം അഹമ്മദ്, മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി നസീർ അഹമ്മദ്, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ എൽ.കെ. അതീഖ്, യാസിർ അഹമ്മദ് ഖാൻ പത്താൻ എം.എൽ.എ, ബംഗളൂരു ജാമിയ മസ്ജിദ് ഇമാം മഖ്സൂദ് ഇംറാൻ റഷാദി തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് ദക്ഷിണ കന്നട ജില്ലയിലെ മുസ്ലിം ജമാഅത്തുകളുടെയും സംഘടനാ നേതാക്കളുടെയും യോഗം ചേർന്ന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സീനത്ത് ബക്ഷ് ജുമാ മസ്ജിദിന്റെയും മുസ്ലിം സെൻട്രൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ മംഗളൂരു യെനെപോയ ആശുപത്രി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കമീഷൻ സെക്രട്ടറി ബി. ഊർമിള, നിയമസഭാ സ്പീക്കർ യു.ടി. ഖാദർ തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാമീണർക്കും വിദ്യാഭ്യാസം കുറഞ്ഞവർക്കും സർവേ ഒരു പുതിയ അനുഭവമാകുമെന്നതിനാൽ ആശയക്കുഴപ്പമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും സാമൂഹിക പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, സമുദായ സംഘടനകൾ എന്നിവർ ഇക്കാര്യത്തിൽ പിന്തുണ നൽകണമെന്നും അഭ്യർഥിച്ചു. പള്ളികൾ, മദ്റസകൾ, സംഘടനകൾ, പ്രാദേശിക ജമാഅത്തുകൾ, കമ്മിറ്റികൾ, യുവജന ഗ്രൂപ്പുകൾ, കമ്യൂണിറ്റി വളന്റിയർമാർ എന്നിവർ മുസ്ലിംകൾക്കിടയിൽ ബോധവത്കരണ പരിപാടികൾ ഏറ്റെടുക്കണം.
ഓരോ കുടുംബവും അവരുടെ റേഷൻ കാർഡ്, ആറു വയസ്സിന് മുകളിലുള്ള എല്ലാ അംഗങ്ങളുടെയും ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, മറ്റ് ആവശ്യമായ രേഖകൾ എന്നിവ തയാറാക്കി വെക്കണം. ആളുകൾ തങ്ങൾക്ക് അറിയാവുന്ന ചോദ്യങ്ങൾക്ക് മാത്രമേ ഉത്തരം നൽകാവൂ.
അറിയാത്ത ചോദ്യങ്ങൾക്ക് അറിയില്ല എന്ന് മറുപടി നൽകാം. മതം ചോദിക്കുന്ന ചോദ്യാവലിയുടെ എട്ടാം കോളത്തിൽ എല്ലാ മുസ്ലിംകളും ‘ഇസ്ലാം’ എന്ന് പരാമർശിക്കണം. 9-ാം കോളത്തിൽ ജാതി ചോദിക്കുന്നിടത്ത് ‘മുസ്ലിം’ എന്ന് എഴുതണം. ഉപജാതിയുടെ വിശദാംശങ്ങൾ തേടുന്ന കോളം 10ൽ, ബ്യാരി സമുദായത്തിൽപ്പെട്ടവർ ‘ബ്യാരി’ എന്ന് എഴുതണം. മറ്റുള്ളവർക്ക് ഖസാബ്, കസായ്, അട്ടാരി തുടങ്ങിയ അവരുടെ പ്രത്യേക ഗ്രൂപ്പിനെ പരാമർശിക്കാം.
അല്ലെങ്കിൽ, അവർക്ക് ‘മുസ്ലിം’ എന്ന് മാത്രമേ എഴുതാൻ കഴിയൂ. മാതൃഭാഷയെ സംബന്ധിച്ച കോളം 15ൽ, ബ്യാരി സംസാരിക്കുന്നവർ അതു പരാമർശിക്കണം. ഉർദു, നവയാത്തി അല്ലെങ്കിൽ മറ്റു ഭാഷകൾ സംസാരിക്കുന്നവർ അവരുടെ ഭാഷയുടെ പേര് എഴുതണം. ചോദ്യാവലിയിൽ 60 ചോദ്യങ്ങളാണുള്ളത്, എന്നാൽ അവയിൽ പലതും എല്ലാവർക്കും ബാധകമാകില്ല. അത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതില്ല.യോഗത്തിൽ സീനത്ത് ബക്ഷ് ജുമാ മസ്ജിദ് പ്രസിഡന്റ് യേനപോയ അബ്ദുല്ല കുഞ്ഞി, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കെ.എസ്. മുഹമ്മദ് മസൂദ്, എസ്.എം. റഷീദ് ഹാജി, ഹനീഫ് ഹാജി, അബ്ദുസ്സലാം പുത്തിഗെ, മുൻ മേയർ അഷ്റഫ്, മറ്റ് പ്രമുഖ സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

