കർണാടകയുടേത് സാമ്പത്തിക അച്ചടക്കം പാലിച്ച ബജറ്റ് -സിദ്ധരാമയ്യ
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: സംസ്ഥാന ബജറ്റ് കടബാധ്യതയാൽ നയിക്കപ്പെടുന്നതാണെന്നും ഒരു വിഭാഗത്തിന് മാത്രമെ അനുകൂലമായിട്ടുള്ളൂ എന്ന ബി.ജെ.പിയുടെ വിമർശനം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച തള്ളി. നിയമം അനുശാസിക്കുന്ന പരിധിക്കുള്ളിൽ സർക്കാർ സാമ്പത്തിക അച്ചടക്കം പാലിച്ചിട്ടുണ്ടെന്ന് അദ്ദേഹം മൈസൂരുവിൽ അറിയിച്ചു.
ധനകാര്യ വകുപ്പിന്റെയും ചുമതലക്കാരനായ സിദ്ധരാമയ്യ വെള്ളിയാഴ്ച കർണാടക നിയമസഭയിൽ തന്റെ പതിനേഴാമത്തെ ബജറ്റ് അവതരിപ്പിച്ചു. ഇത് റെക്കോഡാണ്. 4.48 ലക്ഷം കോടി രൂപ അടങ്കലോടെയാണ് ബജറ്റ്. സംസ്ഥാനത്തിന്റെ കടമെടുക്കലിനെ ന്യായീകരിച്ച മുഖ്യമന്ത്രി, സാമ്പത്തിക മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഫണ്ട് സ്വരൂപിക്കാതെ വികസനം സാധ്യമല്ലെന്ന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രം എത്ര കടം എടുത്തിട്ടുണ്ടെന്ന് അവർ പറയട്ടെ. കടം വാങ്ങാതെ വികസനം കൈവരിക്കാനാവില്ല, ധന ഉത്തരവാദിത്ത നിയമം എന്താണ് പറയുന്നത്? കടം ജി.ഡി.പിയുടെ (മൊത്തം ആഭ്യന്തര ഉൽപാദനം) 25 ശതമാനത്തിനുള്ളിൽ ആയിരിക്കണമെന്ന് അതിൽ പറയുന്നു. നമ്മുടെ കടം 24.94 ശതമാനമാണ്. അത് 25 ശതമാനത്തിനുള്ളിൽ ആണോ അതോ അതിൽ കൂടുതലാണോ? ഒരുവേള അവർ ധന ഉത്തരവാദിത്ത നിയമം വായിക്കുന്നത് നന്നായിരിക്കും.
സംസ്ഥാനത്തിന്റെ സാമ്പത്തിക സൂചകങ്ങളെ കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക സൂചകങ്ങളുമായി താരതമ്യം ചെയ്ത സിദ്ധരാമയ്യ ബി.ജെ.പി നേതൃത്വത്തെ വിമർശിച്ചു.കേന്ദ്രത്തിന് എത്ര കടമുണ്ടെന്ന് നിങ്ങൾക്കറിയാമോ? പ്രതിപക്ഷനേതാവ് ആർ. അശോകന് അറിയാമോ? അത് 218 ലക്ഷം കോടിയാണ്.
അധികാരത്തിലെത്തി 11 വർഷത്തിനുള്ളിൽ അവർ എത്ര കടം എടുത്തിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? 165 ലക്ഷം കോടി രൂപ. രാജ്യത്തിന്റെ ധനക്കമ്മി 4.4 ശതമാനമാണെങ്കിലും കർണാടകയുടെ ധനക്കമ്മി പരിധിക്കുള്ളിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നമ്മുടെ ധനക്കമ്മി എന്താണെന്ന് നിങ്ങൾക്കറിയാമോ? 2.95 ശതമാനം. അതായത് അത് ജി.ഡി.പിയുടെ മൂന്ന് ശതമാനത്തിനുള്ളിൽ വരും, കർണാടകയുടെ മൊത്ത ആഭ്യന്തര ഉൽപാദനം ഏകദേശം 33.5 ലക്ഷം കോടി രൂപയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റ് ചില സമുദായങ്ങളെ മാത്രമേ അനുകൂലിക്കുന്നുള്ളൂ എന്ന ആരോപണങ്ങൾ തള്ളിയ സിദ്ധരാമയ്യ, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിലാണ് സർക്കാറിന്റെ ശ്രദ്ധയെന്നും കൂട്ടിച്ചേർത്തു.
സാമൂഹിക നീതി ഉറപ്പാക്കാനും, പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നുവേണ്ട എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകാനാണ് ഞങ്ങൾ പ്രവർത്തിച്ചിട്ടുള്ളത്. ഒരു ബജറ്റ് മുഴുവൻ സംസ്ഥാനത്തിന്റെയും വികസനത്തിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി ഭേദഗതി വരുത്തി സംവിധാനം ദേശസാത്കരിച്ചതിനാൽ ഏകദേശം 10,000 കോടി രൂപ നഷ്ടമായി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എം.ജി.എൻ.ആർ.ഇ.ജി.എ) റദ്ദാക്കിയത് സർക്കാറിനെ ബുദ്ധിമുട്ടിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.19 ബജറ്റുകൾ എന്ന നാഴികക്കല്ല് പിന്നിടാൻ രണ്ട് ബജറ്റുകൾ കൂടി അവതരിപ്പിക്കുമോ എന്ന ചോദ്യത്തിന്, തീരുമാനം പാർട്ടി നേതൃത്വത്തിന്റേതാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ഹൈകമാൻഡ് എനിക്ക് അവസരം നൽകിയാൽ, ഞാൻ അത് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേതൃത്വമെടുക്കുന്ന ഏത് തീരുമാനവും താൻ അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈകമാൻഡ് തീരുമാനമെടുക്കണം എന്നോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടാൽ ഞാൻ മാറിനിൽക്കും. തുടരാൻ ആവശ്യപ്പെട്ടാൽ ഞാൻ തുടരുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

