സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ 41 ശതമാനം; കർണാടക ഇന്ത്യയിൽ ഒന്നാമത്
text_fieldsബംഗളൂരു: ഇന്ത്യയുടെ മൊത്തം സോഫ്റ്റ്‌വെയർ കയറ്റുമതിയുടെ 41 ശതമാനം സംഭാവന ചെയ്യുന്ന കർണാടക രാജ്യത്ത് ഒന്നാം സ്ഥാനത്ത്. രാജ്യത്തിന്‍റെ മൊത്തത്തിലുള്ള കയറ്റുമതി മേഖലയിൽ 24 ശതമാനം വിഹിതം നേടി സംസ്ഥാനം ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ചരക്ക് വ്യാപാര കയറ്റുമതിയുടെ കാര്യത്തിൽ 7.78 ശതമാനം വിഹിതവുമായി കര്‍ണാടക നാലാം സ്ഥാനത്താണ്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവയാണ് മുമ്പില്‍. ‘എക്‌സ്‌പോർട്ട് പ്രമോഷന്‍ മിഷൻ’ (ഇ.പി.എം) വഴി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുന്ന പിന്തുണയെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള പ്രസക്ത വിവരങ്ങള്‍ യോഗത്തിൽ പങ്കെടുത്ത കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ദർപ്പൺ ജെയിൻ പങ്കുവെച്ചു.
ചീഫ് സെക്രട്ടറി ശാലിനി രജനീഷ് അധ്യക്ഷത വഹിച്ച സംസ്ഥാനതല എക്സ്പോര്‍ട്ട് പ്രമോഷന്‍ കമ്മിറ്റി (എസ്.ഇ.പി.സി) യോഗത്തിലാണ് കണക്കുകൾ പങ്കുവെച്ചത്. സംസ്ഥാനത്തിലെയും കേന്ദ്ര സർക്കാറിലെയും മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രതിനിധികൾ, കയറ്റുമതി പ്രമോഷൻ കൗൺസിലുകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കയറ്റുമതി ഇനിയും വർധിപ്പിക്കുമെന്ന് സർക്കാർ പ്രതിനിധികൾ പറഞ്ഞു.
ഡിസ്ട്രിക്ട് ആസ് എക്സ്പോർട്ട് ഹബ്' (ഡിഇഎച്ച്) സംരംഭത്തിന് കീഴിലുള്ള നടപടികൾ നടപ്പാക്കുന്നതിനായി ഇന്ത്യാ ഗവൺമെന്‍റിന്‍റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും ഇത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 120 ജില്ലകളെ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. കർണാടകയില്‍ നിന്നും ബംഗളൂരു അർബൻ, ബെലഗാവി, ഹസൻ, കോലാർ, ദക്ഷിണ കന്നഡ എന്നീ അഞ്ച് പ്രധാന ജില്ലകളെ സംരംഭത്തിന്‍റെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തു.
ബംഗളൂരുവിന് പുറത്തുള്ള ജില്ലകളിൽ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, പട്ട്, തുകൽ വസ്തുക്കൾ, കൃഷി, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയ മേഖലകൾക്ക് കയറ്റുമതി സാധ്യതകളുണ്ടെന്ന് അഡീഷണൽ സെക്രട്ടറി പറഞ്ഞു. പ്രമുഖ ആങ്കർ കമ്പനികളും സാംസങ് പോലുള്ള ആഗോള ഭീമന്മാരും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിക്ഷേപങ്ങളും കയറ്റുമതി പങ്കാളിത്തവും വികസിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. എക്സ്പോര്‍ട്ട് പ്രമോഷൻ മിഷൻ (ഇ.പി.എം) പ്രകാരം വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങളിൽ സാമ്പത്തിക സഹായം, ലോജിസ്റ്റിക്സ് സഹായം, ചരക്ക് സബ്സിഡി എന്നിവ ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ജില്ലയുടെ കയറ്റുമതി കേന്ദ്ര സംരംഭത്തിന്‍റെ സംസ്ഥാന നോഡൽ ഏജൻസിയായ വിശ്വേശ്വരയ്യ ട്രേഡ് പ്രമോഷൻ സെന്‍ററിനോട് (വി.ടി.പി.സി) ശേഷി വർധിിപ്പിക്കൽ, പ്രായോഗിക വർക്ക്‌ഷോപ്പുകൾ, സ്വതന്ത്ര വ്യാപാര കരാറുകൾ പ്രയോജനപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ചീഫ് സെക്രട്ടറി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

