ജൈവ ഇന്ധന നയം വേഗത്തിലാക്കാൻ കർണാടക
text_fieldsകർണാടക സ്റ്റേറ്റ് ബയോ എനർജി ഡെവലപ്‌മെന്റ് ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര അമേരിക്കൻ സന്ദർശനത്തിന്റെ റിപ്പോർട്ട് മന്ത്രി ഈശ്വർ ഖണ്ഡ്രെക്ക് സമർപ്പിക്കുന്നു
ബംഗളൂരു: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82ാം ജന്മവാർഷികം ഊർജ ദിനമായും സദ്ഭാവന ദിനമായും ആചരിച്ചു. ഗ്രാമവികസന-പഞ്ചായത്തിരാജ് മന്ത്രി ഈശ്വർ ഖണ്ഡ്രെയുടെ ഓഫിസിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മുൻ കർണാടക മുഖ്യമന്ത്രി ഡി. ദേവരാജ് അരശിനെയും ചടങ്ങിൽ അനുസ്മരിച്ചു.
അന്താരാഷ്ട്ര ജൈവ ഇന്ധന ദിനത്തോടനുബന്ധിച്ച് കർണാടക സ്റ്റേറ്റ് ബയോ എനർജി ഡെവലപ്‌മെന്റ് ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര അമേരിക്കൻ സന്ദർശനത്തിന്റെ റിപ്പോർട്ട് മന്ത്രി ഈശ്വർ ഖണ്ഡ്രെക്ക് സമർപ്പിച്ചു. ആഗസ്റ്റ് ഒന്നിന് ആരംഭിച്ച 10 ദിവസത്തെ സന്ദർശനത്തിനിടെ മേരിലാൻഡ് ഗവർണർ വെസ് മൂർ, ലെഫ്റ്റനന്റ് ഗവർണർ അരുണ മില്ലർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം വിശദീകരിച്ചു.
പ്രമുഖ ടെലികമ്യൂണിക്കേഷൻ സാങ്കേതിക വിദഗ്ധൻ സാം പിത്രോദയുമായി ജൈവ ഇന്ധന മേഖലയെക്കുറിച്ച് നടത്തിയ ചർച്ചകൾ സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. അമേരിക്കയും കർണാടകയും തമ്മിലുള്ള സഹകരണത്തിലൂടെ ജൈവ ഇന്ധന പദ്ധതികളുടെ നവീകരണവും വാണിജ്യവത്കരണവും ശക്തമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ബോർഡ് സമർപ്പിച്ച പുതിയ ജൈവ ഇന്ധന നയത്തിന് സർക്കാർ അംഗീകാരം നൽകുന്നതിനുള്ള നടപടികൾക്ക് മുൻഗണന നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി. പദ്ധതികൾ നടപ്പാക്കുന്നതിനായി ആവശ്യമായ അധിക സാമ്പത്തിക സഹായം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ നയം അംഗീകരിക്കുന്നതോടെ കർണാടകയിലെ ജൈവ ഇന്ധന മേഖല കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

