കർണാടക: സംസ്ഥാന അതിർത്തി സുരക്ഷ ഉറപ്പുവരുത്താൻ കർമ പദ്ധതികൾ
text_fieldsസംസ്ഥാന അതിർത്തികളിൽ ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീകരിക്കേണ്ട കരുതലുകൾ ചർച്ചചെയ്യാൻ ചേർന്ന യോഗ ശേഷം മൈസൂരു,
ചാമരാജ നഗർ ജില്ലകളിലെ ഉദ്യോഗസ്ഥർ മൈസൂരു ഡി.സി ഡോ. കെ.വി. രാജേന്ദ്രക്കൊപ്പം
ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളം, തമിഴ്നാട് സംസ്ഥാന അതിർത്തികളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾക്ക് കർണാടക കർമ പദ്ധതി തയാറാക്കി. തമിഴ്നാട് മുതുമല കടുവസങ്കേതം ഓഡിറ്റോറിയത്തിൽ മൂന്ന് സംസ്ഥാനങ്ങളിലെ പൊലീസ്, വനം ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് കൈക്കൊണ്ട തീരുമാനത്തിന്റെ തുടർച്ചയാണിത്. മൈസൂരു, ചാമരാജ നഗർ ജില്ലകളിലെ വിവിധ വകുപ്പ് തലവന്മാരുടെ യോഗം ശനിയാഴ്ച മൈസൂരു ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ. കെ.വി. രാജേന്ദ്രയുടെ അധ്യക്ഷതയിൽ മൈസൂരു ഡി.സി ഓഫിസിൽ ചേർന്നാണ് പദ്ധതികൾ തയാറാക്കിയത്.
ചാമരാജ നഗർ ഡെപ്യൂട്ടി കമീഷണർ ശില്പ നാഗ്, മൈസൂരു ജില്ല പഞ്ചായത്ത് സി.ഇ.ഒ കെ.എം. ഗായത്രി, മൈസൂരു ജില്ല പൊലീസ് സൂപ്രണ്ട് സീമ ലത്കർ, ചാമരാജ നഗർ ജില്ല പൊലീസ് സൂപ്രണ്ട് പത്മിനി സാഹു, ബന്ദിപ്പൂർ കടുവ സങ്കേതം ഡയറക്ടർ ഡോ. പി. രമേശ് കുമാർ, ഗുണ്ടൽപേട്ട തഹസിൽദാർ രമേശ് ബാബു, നഞ്ചഗുഡ് തഹസിൽദാർ ശിവകുമാർ, എച്ച്.ഡി കോട്ട തഹസിൽദാർ ശ്രീനിവാസ്, ഭക്ഷ്യ-പൊതുവിതരണ ജോ.ഡയറക്ടർ കുമുദ, ഫോറസ്റ്റ് അസി.കൺസർവേറ്റർ നവിൺ എന്നിവർ പങ്കെടുത്തു. ഗുണ്ട സംഘങ്ങൾ, മാവോവാദികൾ, മദ്യം, മയക്കുമരുന്ന്, ആയുധങ്ങൾ, പണം തുടങ്ങിയവയുടെ കടത്ത് അതിർത്തികളിൽ മൂന്ന് സംസ്ഥാനങ്ങളിലെ ഭരണ സംവിധാനങ്ങൾ ഉപയോഗിച്ച് നിരീക്ഷിക്കുകയും തടയുകയും ചെയ്യാനാണ് കോയമ്പത്തൂർ മേഖല ഡി.ഐ.ജി സരവണ സുന്ദരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നത്. ആ യോഗത്തിൽ മലപ്പുറം ജില്ല പൊലീസ് സൂപ്രണ്ട് എസ്. ശശിധരനായിരുന്നു കേരളത്തെ പ്രതിനിധാനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

