മോദിയുടെ ഗാരന്റി പാളം തൊട്ടില്ല; സബർബൻ പദ്ധതിക്ക് കർണാടക ജർമനിയിൽനിന്ന് കടമെടുക്കുന്നു
text_fieldsബംഗളൂരു സബ് അർബൻ റെയിൽവേ പദ്ധതിക്ക് ജർമൻ ബാങ്കിൽനിന്ന് കടമെടുക്കുന്നത് സംബന്ധിച്ച ധാരണ പത്രത്തിൽ മന്ത്രി എം.ബി. പാട്ടീലും പ്രതിനിധികളും ഒപ്പുവെച്ചപ്പോൾ
ബംഗളൂരു: ബംഗളൂരു സബർബൻ റെയിൽവേ പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളും 2027 ഡിസംബറിൽ പൂർത്തിയാകുമെന്ന് കർണാടക അടിസ്ഥാനസൗകര്യ വികസന മന്ത്രി എം.ബി. പാട്ടീൽ. ജർമനിയിലെ കെ.ഡബ്ല്യു.എഫ് വികസന ബാങ്കിന്റെ ധനസഹായത്തോടെ ലക്ഷ്യം കൈവരിക്കാനുള്ള ധാരണപത്രം വെള്ളിയാഴ്ച ഒപ്പുവെച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലു ശതമാനം പലിശനിരക്കിൽ 20 വർഷത്തേക്ക് 4561 കോടി രൂപയാണ് കടമെടുക്കുന്നത്. 2022 ജൂണിൽ പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ച് നടത്തിയ പ്രസംഗത്തിൽ കഴിഞ്ഞ 40 വർഷത്തിൽ എന്താണോ നടക്കാതെപോയത് അത് അടുത്ത 40 മാസത്തിൽ പൂർത്തിയാകും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നതെന്ന് മന്ത്രി ഓർമിപ്പിച്ചു.
ബംഗളൂരു നഗരത്തിന്റെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന നാല് റെയിൽവേ ഇടനാഴികൾ ഉൾപ്പെട്ടതാണ് സബർബൻ പദ്ധതി. ബംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് ദേവനഹള്ളിയിലേക്കാണ് ഒന്നാം ഇടനാഴി. ചിക്കബണവര-യശ്വന്ത്പൂർ രണ്ടാം ഇടനാഴി അടുത്തവർഷം ജൂണിൽ പൂർത്തിയാകും. ഇടനാഴി നാലിൽപെട്ട ബെന്നിഹനഹള്ളി-രജനുകുണ്ടെ ഭാഗം 2026 ഡിസംബറിൽ പൂർത്തിയാകും. ഫണ്ടിന്റെ കുറവും സ്ഥലമെടുപ്പ് കാലതാമസവും കാരണം വൈകിയ ഒന്നും മൂന്നും ഇടനാഴികളുടെ നിർമാണം 2027 ഡിസംബറിൽ കഴിയുന്നതോടെ പദ്ധതി സമ്പൂർണമാകുമെന്ന് മന്ത്രി പറഞ്ഞു.
ജർമൻ ബാങ്ക് ഡയറക്ടർ വോൾഫ് മുത്ത്, പദ്ധതി നോഡൽ ഏജൻസിയായ കർണാടക റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി മാനേജിങ് ഡയറക്ടർ എൻ. മഞ്ജുള എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

