സിദ്ധരാമയ്യ ഉൾപ്പെട്ട സ്റ്റിങ് ഓപറേഷൻ വിവാദം; മുതിർന്ന കോൺഗ്രസ് നേതാവ് കൃപ ആൽവയെ ചോദ്യം ചെയ്ത് പൊലീസ്
text_fieldsകൃപ ആൽവ
ബംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ സജീവമായ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ സിദ്ധരാമയ്യ എം.എൽ.എ ഉൾപ്പെട്ട സ്റ്റിങ് ഓപറേഷൻ വിവാദവുമായി ബന്ധപ്പെട്ട് ദക്ഷിണ കന്നടയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് കൃപ ആൽവയെ ബംഗളൂരു സൈബർ ക്രൈം പൊലീസ് ചോദ്യം ചെയ്തു.
കോൺഗ്രസ് വക്താവായും കർണാടക സംസ്ഥാന ബാലാവകാശ കമീഷൻ ചെയർപേഴ്സനായും പ്രവർത്തിച്ച കൃപയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തി വിടുക മാത്രമാണുണ്ടായതെന്നും പൊലീസ് പറഞ്ഞു. മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാര സ്വാമിയാണ് സ്റ്റിങ്ങ ിൽകൃപയുടെ പങ്ക് ആദ്യം ആരോപിച്ചത്.
ഈ പേര് പിന്നീട് സിദ്ധരാമയ്യ തന്നെ വാർത്തസമ്മേളനത്തിൽ പരാമർശിച്ചു. സ്റ്റിങ് കേസുമായി ബന്ധപ്പെട്ട് ഗാസിയാബാദിൽ നിന്നുള്ള റിതേഷ് പാണ്ഡെയെ(22) കർണാടക പൊലീസ് അറസ്റ്റ് ചെയ്ത് മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കൃപ ആൽവയെ ചോദ്യം ചെയ്തത്.
പാണ്ഡെ ജാമ്യത്തിലിറങ്ങി പുറത്തുണ്ട്. കൃപയും കന്നട ചാനലായ പവർ ടി.വിയുടെ മാനേജിങ് ഡയറക്ടർ രാകേഷ് ഷെട്ടിയുമാണ് സ്റ്റിങ്ങിന് പിന്നിലെന്ന് സിദ്ധരാമയ്യ പരസ്യമായി ആരോപിച്ചതിനെത്തുടർന്ന് ഷെട്ടിയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
സ്റ്റിങ് ഇരയുടെ മൊഴി രേഖപ്പെടുത്തി
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ സ്റ്റിങ് വിഡിയോ സൃഷ്ടിച്ചുവെന്ന ആരോപണത്തിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) സൈബർ ക്രൈം പൊലീസ് അന്വേഷണം ഊർജിതമാക്കി. വിഡിയോയിൽ ഇരയായി ചിത്രീകരിച്ച സ്ത്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ചില ആളുകളുടെ നിർദേശപ്രകാരമാണ് താൻ വിഡിയോയിൽ സംസാരിച്ചതെന്ന് അവർ സമ്മതിച്ചതായാണ് വിവരം. 2023-ൽ ഒരു സംഘം തന്നെ സമീപിച്ച് പണം നൽകുകയും എന്താണ് പറയേണ്ടതെന്ന് നിർദേശിക്കുകയും ചെയ്തുവെന്ന് യുവതി മൊഴി നൽകി. സിദ്ധരാമയ്യ മുഖ്യമന്ത്രിയാണെന്ന് അറിയാമായാമെങ്കിലും ജീവിതത്തിൽ ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നാണ് ഇവരുടെ മൊഴി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 183 പ്രകാരം മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തുകയാണ് കേസ് അന്വേഷണത്തിന്റെ അടുത്ത ഘട്ടം.
ഏത് സംഘമാണ് സ്ത്രീയുമായി ബന്ധപ്പെട്ടതെന്നും കേസിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്താനുള്ള തെളിവുകളും പൊലീസ് ശേഖരിച്ചുവരികയാണ്. ആരോപണവിധേയമായ പ്രവൃത്തിയിൽ മറ്റ് നിരവധി പേർക്ക് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ യുവതി നൽകിയിട്ടുണ്ട്.

