ചീഫ് മിനിസ്റ്റേഴ്സ് കപ്പിന് തുടക്കമായി
text_fieldsബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷന് (കെ.എസ്.എഫ്.എ) കീഴിൽ ബി.ഡി.എഫ്.എ സംഘടിപ്പിക്കുന്ന പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് ആരംഭിച്ചു. ബാംഗ്ലൂർ ഫുട്ബാൾ സ്റ്റേഡിയത്തിൽ ഉച്ചക്ക് നടന്ന ഉദ്ഘാടന മത്സരത്തിൽ സർവജ്ഞ നഗർ മറുപടിയില്ലാത്ത ആറു ഗോളിന് ഗോവിന്ദരാജ നഗറിനെ തോൽപിച്ചു.
വൈകീട്ട് നടന്ന രണ്ടാം മത്സരത്തിൽ ഗാന്ധിനഗർ എതിരില്ലാത്ത അഞ്ചുഗോളിന് വിജയനഗറിനെ തോൽപിച്ചു. കെ.എസ്.എഫ്.എ പ്രസിഡന്റും എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റുമായ എൻ.എ. ഹാരിസ് എം.എൽ.എ, ഗോവിന്ദരാജ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് ബി.ടി.എം ലേഔട്ടും യശ്വന്ത്പൂരും വൈകീട്ട് മൂന്നിന് ശാന്തിനഗറും ദാസറഹള്ളിയും ഏറ്റുമുട്ടും. നാലു ഗ്രൂപ്പായി തിരിച്ച് ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റിൽ ബംഗളൂരുവിലെ നിയോജക മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത് 17 ടീമുകളാണ് മാറ്റുരക്കുന്നത്.

