കർണാടക സ്റ്റേറ്റ് ഡേറ്റ സെന്‍റര്‍ രണ്ട് ദിവസം അടച്ചിടും- മന്ത്രി
text_fieldsമന്ത്രി പ്രിയങ്ക് ഖാർഗെ
ബംഗളൂരു: കർണാടക സ്റ്റേറ്റ് ഡേറ്റ സെന്‍റര്‍ രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ. അറ്റകുറ്റപ്പണികൾ, അടിസ്ഥാന സൗകര്യ നവീകരണം, സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവക്കായാണ് താൽക്കാലിക അടച്ചിടല്‍. വകുപ്പുതല വെബ് പോർട്ടലുകൾ, പൗര സേവന സംവിധാനങ്ങൾ, സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ, ഇ-ഓഫിസ് പ്ലാറ്റ്‌ഫോമുകൾ, വിവിധ വകുപ്പുകൾ നടത്തുന്ന ഡിജിറ്റൽ ഡേറ്റ ബേസുകൾ എന്നിവയുൾപ്പെടെ ചില ഓൺലൈൻ സർക്കാർ സേവനങ്ങളാണ് താൽക്കാലികമായി നിർത്തിവെക്കുക. ഓൺലൈൻ സേവനങ്ങൾ വ്യാഴാഴ്ച രാത്രി ഒമ്പത് മണി മുതൽ വെള്ളിയാഴ്ച രാത്രി ഒമ്പത് മണി വരെയാണ് അടച്ചിടുക.
നിലവിലുള്ള യു.പി.എസ് സംവിധാനം 14 വർഷമായി പ്രവർത്തിക്കുന്നുണ്ടെന്നും ലിഥിയം-അയൺ ബാറ്ററികളെ അടിസ്ഥാനമാക്കിയുള്ള പുതിയതും ഊർജ്ജക്ഷമതയുള്ളതുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സംസ്ഥാന സെക്രട്ടേറിയറ്റിലുടനീളം ഉപയോഗിക്കുന്ന കർണാടക സർക്കാറിന്‍റെ ഇ-ഓഫിസ് പ്ലാറ്റ്‌ഫോം വാരാന്ത്യത്തിൽ സോഫ്റ്റ്‌വെയർ നവീകരണത്തിന് വിധേയമാകുമെന്നും പാണ്ഡെ പറഞ്ഞു. സുരക്ഷ വർധിപ്പിക്കുന്നതിനായി ജൂൺ 27, 28 തീയതികളിൽ ഇ-ഓഫിസ് സോഫ്റ്റ്‌വെയർ പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യും. തിങ്കളാഴ്ച രാവിലെ സിസ്റ്റം വീണ്ടും ഓൺലൈനിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച പൊതു അവധി ദിവസമായതിനാലും തുടർന്നുള്ള രണ്ട് ദിവസങ്ങൾ നാലാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും ആയതിനാലും സർക്കാർ ഓഫിസുകൾ അടച്ചിട്ടുകൊണ്ട് പൊതുജനങ്ങള്‍ക്ക് തടസങ്ങൾ കുറക്കുക എന്ന രീതിയിലാണ് അറ്റകുറ്റപ്പണികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കർണാടകയുടെ ഡിജിറ്റൽ ഗവേണൻസ് ഇൻഫ്രാസ്ട്രക്ചറിനെ കൂടുതൽ ശക്തവും സുരക്ഷിതവും മികവുറ്റ സേവനങ്ങളും കൈകാര്യം ചെയ്യാൻ പ്രാപ്തവുമാക്കുകയും പൊതു ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുക എന്നതുമാണ് അറ്റകുറ്റപ്പണി നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം സമീപ വർഷങ്ങളിൽ ഗണ്യമായി വർധിച്ചിട്ടുണ്ട്.
ഡേറ്റ പ്രോസസിങ്, സൈബർ സുരക്ഷ എന്നിവയില്‍ കൂടുതല്‍ മെച്ചപ്പെടുത്തല്‍ ആവശ്യമാണ്. വിദഗ്ദ്ധരുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നും ഭാവിയിൽ ജനങ്ങള്‍ക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സുരക്ഷിതമായും സാങ്കേതിക തടസങ്ങളില്ലാതെയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. രണ്ടു ദിവസം സേവനങ്ങള്‍ ലഭിക്കുന്നതില്‍ തടസം നേരിടുമെന്നും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും പ്രിയങ്ക് ഖാർഗെ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

