സിദ്ധരാമയ്യക്കിത് 16ാം ബജറ്റ്; പ്രീബജറ്റ് യോഗങ്ങൾ തുടങ്ങി
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന പ്രീബജറ്റ് യോഗം
ബംഗളൂരു: മാർച്ചിൽ 2025-26 വർഷ കർണാടക സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായി വകുപ്പ് തിരിച്ചുള്ള പ്രീബജറ്റ് യോഗങ്ങൾ വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ആരംഭിച്ചു. നാലു പതിറ്റാണ്ടിനിടെ ധനമന്ത്രി എന്ന നിലയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിക്കുന്ന പതിനാറാം ബജറ്റാണിത്.
വൻകിട, ഇടത്തരം വ്യവസായ മന്ത്രി എം.ബി. പാട്ടീലും ബന്ധപ്പെട്ട വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മാർച്ച് ആദ്യവാരം സംയുക്ത സമ്മേളനം വിളിച്ചുചേർക്കും. തുടർന്ന് ബജറ്റ് അവതരിപ്പിക്കും. വിവിധ വകുപ്പുകളുടെ പ്രീബജറ്റ് യോഗങ്ങൾ ഫെബ്രുവരി 14 വരെ നിശ്ചയിച്ചിട്ടുണ്ട്. അടുത്ത മന്ത്രിസഭ യോഗത്തിൽ ബജറ്റിന്റെ തീയതി പ്രഖ്യാപിക്കും.കാൽമുട്ട് വേദന കാരണം രണ്ടു ദിവസത്തേക്ക് തന്റെ മുൻ പരിപാടികളെല്ലാം റദ്ദാക്കിയ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇനി എല്ലാ മന്ത്രിമാരുടെയും യോഗങ്ങൾ നടത്തും.ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി ധനവകുപ്പിന്റെ തലവനായി ഹാർവഡ് പൂർവ വിദ്യാർഥിയായ റിതേഷ് കുമാർ സിങ്ങിനെ തെരഞ്ഞെടുത്തു.2024-25 വർഷത്തേക്കുള്ള 3.71 ലക്ഷം കോടി രൂപയുടെ ബജറ്റ് മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ചിരുന്നു. അഞ്ച് ഗാരന്റി പദ്ധതികൾക്കായി സംസ്ഥാന സർക്കാർ എല്ലാ വർഷവും 52,000 കോടി രൂപ ചെലവഴിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

