കര്‍ണാടക എസ്.എസ്.എല്‍.സി; മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 25 മുതല്‍; ഫൈനൽ പരീക്ഷ മാര്‍ച്ച് 21 മുതല്‍
text_fieldsബംഗളൂരു: എസ്.എസ്.എല്‍.സി വാര്‍ഷിക പരീക്ഷയില്‍ വിജയിക്കാന്‍ 35 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് (കെ.എസ്.ഇ.എ.ബി) ഉത്തരവിറക്കി. മുഴുവന്‍ വിഷയങ്ങള്‍ക്കും 35 ശതമാനം മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പരീക്ഷയില്‍ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
ഇത്തവണ ഒമ്പത് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയും ഏഴ് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പി.യു ഫൈനൽ പരീക്ഷയും എഴുതും.
മുന്‍ വര്‍ഷങ്ങളില്‍ പരീക്ഷയില്‍ പരാജയപ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ വിജയിക്കാൻ 25 ശതമാനം മാർക്ക് മതി എന്ന ഇളവ് നൽകിയിരുന്നു. കൂടാതെ കൂടുതല്‍ വിദ്യാര്‍ഥികളെ വിജയിപ്പിക്കാന്‍ ഗ്രേസ് മാര്‍ക്ക് 10 ശതമാനത്തില്‍നിന്ന് 20 ശതമാനമായി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇത്തവണ മാര്‍ക്കില്‍ ഒരുവിധത്തിലുള്ള ഇളവുകളും നല്‍കില്ല. ഒരു വിഷയത്തിനും ഗ്രേസ് മാര്‍ക്കും ലഭിക്കില്ല.
പരീക്ഷ ക്രമക്കേട് നിരീക്ഷിക്കാന്‍ പരീക്ഷ ഹാളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കുകയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്നും മധു ബംഗാരപ്പ പറഞ്ഞു.
വിദ്യാര്‍ഥികള്‍ പരീക്ഷ കേന്ദ്രങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഡ്രസ് കോഡുകള്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിജാബ് വിഷയത്തിൽ കർണാടക സർക്കാർ അനുകൂല തീരുമാനമെടുത്തിട്ടില്ലെന്നതാണ് പുതിയ ഉത്തരവ് സൂചിപ്പിക്കുന്നത്.
മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ നാലുവരെ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഈ വര്‍ഷം 8,96,447 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. ഇതില്‍ 4,61,563 ആണ്‍കുട്ടികളും 4,34,884 പെണ്‍കുട്ടികളും ഉണ്ട്.
15,881 പരീക്ഷ കേന്ദ്രങ്ങള്‍ പരീക്ഷക്കായി ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് ഒന്നുമുതല്‍ 10 വരെ നടക്കുന്ന രണ്ടാം വര്‍ഷ പി.യു പരീക്ഷയില്‍ 3,35,468 ആണ്‍കുട്ടികളും 3,78,389 പെണ്‍കുട്ടികളും അടക്കം ഇത്തവണ 7,13,862 പേർ പരീക്ഷയെഴുതും.
5050 വിദ്യാലയങ്ങളില്‍നിന്നായി 2,91,959 വിദ്യാര്‍ഥികള്‍ സയന്‍സ് വിഭാഗത്തിലും 2,29,308 വിദ്യാര്‍ഥികള്‍ കോമേഴ്സ് വിഭാഗത്തിലും 1,92,5095 വിദ്യാര്‍ഥികള്‍ ഹുമാനിറ്റീസ് വിഭാഗത്തിലും പരീക്ഷയെഴുതും.
ഇതില്‍ അഞ്ച് ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടും. മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 25 മുതല്‍ ആരംഭിക്കും. ഉത്തര പേപ്പറുകള്‍ തൊട്ടടുത്ത ദിവസം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മൂല്യ നിര്‍ണയത്തിന് ശേഷം വിദ്യാര്‍ഥികള്‍ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങള്‍ അധ്യാപകര്‍ വിശദീകരിക്കും.
വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റില്‍ പി.യു പരീക്ഷയുടെ മൂന്ന് സെറ്റ് മാതൃകാ ചോദ്യപേപ്പറും എസ്.എസ്.എല്‍.സി പരീക്ഷയുടെ നാല് സെറ്റ് മാതൃക ചോദ്യ പേപ്പറും ലഭ്യമാണ്. സമൂഹ മാധ്യങ്ങള്‍ മുഖേന കുട്ടികളില്‍ ആശങ്കയുണ്ടാക്കുകയോ ചോദ്യ പേപ്പര്‍ ചോര്‍ച്ച നടന്നതായി അഭ്യൂഹം പരത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പരീക്ഷക്കാലത്ത് പവര്‍കട്ട് ഒഴിവാക്കാൻ ഊർജവകുപ്പ് ബെസ്കോം അടക്കമുള്ള വൈദ്യുതി കമ്പനികളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

