കർണാടക അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, ഒരു കോടി പേർ പുറത്ത്
text_fieldsബംഗളൂരു: സംസ്ഥാനത്ത് സ്പെഷൽ ഇന്‍റൻസീവ് റിവിഷൻ (എസ്.ഐ.ആർ) അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അൻബുകുമാർ വാര്‍ത്തസമ്മേളനത്തിൽ പറഞ്ഞു.എസ്.ഐ.ആർ പ്രക്രിയയെത്തുടർന്ന് കർണാടകയിലെ വോട്ടർ പട്ടികയിൽനിന്ന് ആകെ 99.7 ലക്ഷം പേരുകൾ നീക്കം ചെയ്തു. ഇതോടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 5.54 കോടിയിൽനിന്ന് 4.55 കോടിയായി കുറഞ്ഞു. അന്തിമ വോട്ടർ പട്ടിക പ്രകാരം പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരുണ്ട്. 2.25 കോടി പുരുഷന്മാരും ( 2,25,83,107 )2.29 കോടി സ്ത്രീ ((2,29,14,063) വോട്ടർമാരും, 2,481 ട്രാന്‍സ് ജെന്‍ഡര്‍ വോട്ടർമാരുമാണുള്ളത്.
എസ്.ഐ.ആർ പ്രക്രിയയിൽ 2,29,235 ഫോം 7 അപേക്ഷകളും 13,27,432 ഫോം 8 അപേക്ഷകളും ലഭിച്ചതായി അൻബുകുമാർ പറഞ്ഞു. ജൂൺ 30 നാണ് കർണാടകയിൽ എസ്.ഐ.ആർ പ്രക്രിയ ആരംഭിച്ചത്. പ്രക്രിയയുടെ ഭാഗമായി ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) വീടുകൾ സന്ദർശിച്ചായിരുന്നു വോട്ടർമാരുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയത്. എസ്.ഐ.ആർ പരിശോധനക്ക് മുമ്പ് കർണാടകയിൽ 5,54,32,814 വോട്ടർമാരുണ്ടായിരുന്നു. 2026 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 4,46,35,975 വോട്ടർമാര്‍ ഉണ്ടായിരുന്നു.
99.7 ലക്ഷം വോട്ടർമാരെ ഹാജരാകാത്തവരോ, സ്ഥലം മാറ്റിയവരോ, മരിച്ചവരോ, എ.എസ്.ഡി.ഡി എന്നീ ഗണത്തില്‍ ഉള്‍പ്പെടുത്തി ഒഴിവാക്കി. വോട്ടർ ഫോമുകളിൽ നൽകിയിരിക്കുന്ന വിശദാംശങ്ങളിൽ വ്യത്യാസങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ 43.82 ലക്ഷം നോട്ടീസുകളും പുറപ്പെടുവിച്ചു. പുതിയതായി കൂട്ടിചേര്‍ത്ത 390 പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 41,888 ആയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്ന് ഇതുവരെ 10.42 ലക്ഷം ഫോം 6 അപേക്ഷകൾ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ https://ceo.karnataka.gov.in/en-ൽ പട്ടിക ലഭ്യമാണ്. കരട് വോട്ടർ പട്ടികയിൽ ലഭിച്ച അവകാശവാദങ്ങളും എതിർപ്പുകളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.
അന്തിമ പട്ടികയിൽ വോട്ടർമാർക്ക് പേരോ മറ്റ് വിവരങ്ങളോ ഉണ്ടോ എന്ന് വെബ്‌സൈറ്റ് സന്ദർശിച്ച് പരിശോധിക്കാം. പുതുക്കിയ പട്ടിക പ്രകാരം, സംസ്ഥാനത്ത് ആകെ 4,55,00,011 വോട്ടർമാരുണ്ട്. 18-19 പ്രായപരിധിയിലുള്ള 6.83 ലക്ഷത്തിലധികം വോട്ടർമാർ ഇതിൽ ഉൾപ്പെടും. കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസിൽ നിന്നും മറ്റ് പ്രതിപക്ഷ പാർട്ടികളിൽ നിന്നും എസ്.ഐ.ആർ നടപടി ക്രമത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. പ്രക്രിയ നിര്‍ത്തിവെക്കണമെന്നും ലിസ്റ്റില്‍ നിന്നും നീക്കം ചെയ്ത പ്രവൃത്തിയില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ,നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ് എന്നിവരടക്കമുള്ള പ്രമുഖരും പരാതിപ്പെടുകയും ചെയ്തിരുന്നു.
കര്‍ണാടകയില്‍ ജനിച്ചു വളര്‍ന്ന പ്രകാശ് രാജ് അടക്കമുള്ള പല പ്രമുഖ വ്യക്തികളും ആദ്യ ഘട്ടത്തില്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. ന്യൂന പക്ഷങ്ങളാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയവരില്‍ ഭൂരിഭാഗവും എന്ന് ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ട് രാഷ്ട്രീയ പ്രമുഖരടക്കമുള്ളവര്‍ മുന്നോട്ട് വരികയും ചെയ്തു. കേന്ദ്ര സർക്കാര്‍ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണെന്നും ജനങ്ങളുടെ അവകാശങ്ങളുടെ മേല്‍ കടന്നു കയറ്റം നടത്തുകയാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് ഒരു കോടിയോളം ജനങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കി അന്തിമ പട്ടിക കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്.

