ദേശീയ ഗെയിംസ് കളരിപ്പയറ്റ് കർണാടകക്ക് മികച്ച പ്രകടനം
text_fieldsദേശീയ കായികമേളയിൽ കളരിപ്പയറ്റ് വിഭാഗത്തിൽ പങ്കെടുത്ത കർണാടക ടീം
ബംഗളൂരു: 38ാം ദേശീയ കായികമേളയിൽ കളരിപ്പയറ്റ് വിഭാഗത്തിൽ കർണാടകക്ക് മികച്ച പ്രകടനം. ഹരിദ്വാറിലെ റോഷൻബാദ് പൊലീസ് ലൈൻ സ്റ്റേഡിയത്തിൽ നടന്ന കളരിപ്പയറ്റ് മത്സരങ്ങളിൽ 18 സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുത്തു. കർണാടകയിൽനിന്ന് 11 ഇനങ്ങളിലായി 19 മത്സരാർഥികൾ പങ്കെടുത്തു. കര്‍ണാടക ടീം 17 മെഡലുകള്‍ നേടുകയും ഒന്നാം റണ്ണറപ്പാവുകയും ചെയ്തു. സ്വോർഡ് ആൻഡ് ഷീൽഡ് വിഭാഗത്തിൽ ബിനീഷ് എ.എം- യു. ഹരിനാഥ് എന്നിവർ സ്വർണം നേടി. പി. അജിത്-പി.എസ്. ജിതു എന്നിവർ സ്വോർഡ് ആൻഡ് സ്വോർഡ് വിഭാഗത്തിൽ വെള്ളി നേടി.
ഉപാസന ഗുജർ, ശ്രീപ്രദ ഭാവാഗ്ന അരവേട്ടി എന്നിവർ സ്വോർഡ് ആൻഡ് സ്വോർഡ് വിഭാഗത്തിൽ വെങ്കലവും ഉപാസന ഗുജറും ഭാവന ബിപിനും ഉറുമി ആൻഡ് ഷീൽഡ് വിഭാഗത്തിൽ വെങ്കലവും പി. അജിത്, പി.എസ്. ജിതു എന്നിവർ നെടുവടി പയറ്റ് വിഭാഗത്തിൽ വെങ്കലവും നേടി. ഉറുമി വീശൽ വിഭാഗത്തിൽ ഉപാസന ഗുജറും സി.പി. ജിതുവും വെള്ളി നേടി. വ്യക്തിഗത മത്സര വിഭാഗത്തിൽ ശ്രേയസ്സ് ഹരിഹരനും പി. പ്രവീണും യഥാക്രമം മെയ് പയറ്റിലും ചുവടിലും വെള്ളി നേടി. ശ്രീപ്രദ ഭാവാഗ്ന അരവേട്ടിയും ഭാവന ബിപിനും യഥാക്രമം മെയ് പയറ്റിലും ഹൈ കിക്കിലും വെങ്കലമെഡൽ നേടി. മത്സരത്തിനിടെ പരിക്കേറ്റിട്ടും ഉറുമി ആൻഡ് ഷീൽഡ് പോരാട്ടം അവസാനിപ്പിക്കാതിരുന്ന എ.കെ. സിറാജും എസ്. അഖിലും കൈയടി നേടി. മത്സരത്തിന്റെ തുടക്കത്തിൽതന്നെ പരിക്കേറ്റിട്ടും സ്വോർഡ് ആൻഡ് ഷീൽഡ് വിഭാഗത്തിൽ ശ്രീപ്രദ വെങ്കലമെഡൽ നേടി.
കളരിപ്പയറ്റ് മത്സരങ്ങൾ ഡെമൺസ്ട്രേറ്റീവ് സ്പോർട്സ് പട്ടികയിലാക്കിയതുമൂലം ഈ മെഡൽ നേട്ടം സംസ്ഥാനത്തിന്റെ മൊത്തം മെഡൽ കണക്കിൽ ഉൾപ്പെടുത്താത്തത് നിരാശാജനകമാണെന്ന് കളരിപ്പയറ്റ് കൗൺസിൽ ഓഫ് കർണാടക സംസ്ഥാന സെക്രട്ടറി ഡോ. സൂര്യനാരായണവർമ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ശ്രീജിത്ത് കെ. സുരേന്ദ്രനാഥ്, അഡീഷനൽ ടെക്നിക്കൽ ഡയറക്ടർ രഞ്ജൻ മുള്ളാരത്ത് എന്നിവർ വിജയികളെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

