കർണാടകയിൽ സ്കൂള്‍, കോളജ് പരിസരങ്ങളില്‍ ജങ്ക് ഫുഡ് വില്‍പന നിരോധിച്ചു
text_fieldsബംഗളൂരു: സ്കൂൾ, പി.യു.സി കോളജ് കാമ്പസുകൾക്കുള്ളിലും സ്ഥാപനങ്ങളുടെ 50 മീറ്റർ ചുറ്റളവിലും കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടിയ അളവിലുള്ള അനാരോഗ്യകരമായ ഭക്ഷണപദാർഥങ്ങളുടെ വിൽപന, സൗജന്യ വിതരണം, പരസ്യങ്ങൾ, പ്രചാരണങ്ങൾ എന്നിവ സംസ്ഥാന സർക്കാർ നിരോധിച്ചതായി ആരോഗ്യ മന്ത്രി യു.ടി. ഖാദർ പ്രഖ്യാപിച്ചു.
വിദ്യാര്‍ഥികൾക്ക് സുരക്ഷിതവും പോഷകസമൃദ്ധവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) മാർഗനിർദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് വകുപ്പ് അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ 2006-ലെ ഭക്ഷ്യസുരക്ഷ മാനദണ്ഡ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും. കഴിഞ്ഞ മാസം സംസ്ഥാനത്തുടനീളം 134 സ്കൂളുകൾ, കോളജുകൾ, ഭക്ഷണശാലകൾ എന്നിവ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും കാന്‍റീനുകളിലും ചില കച്ചവടക്കാര്‍ അനാരോഗ്യകരമായ ഭക്ഷണസാധനങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയിരുന്നു.
ഇതിന്‍റെ ഭാഗമായി അധികൃതർ 53 ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്. ലാബ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും. നിരോധനം ഏര്‍പ്പെടുത്തുമ്പോഴും യഥാർഥത്തിൽ 'ജങ്ക് ഫുഡ്' ഏതാണ് എന്നതിന്‍റെ കൃത്യമായ മാനദണ്ഡത്തില്‍ വ്യക്തതയില്ലെന്ന സംശയം സ്കൂള്‍ മാനേജ്മെന്‍റ് പങ്ക് വെച്ചു.
കർണാടകയിലെ പ്രൈമറി, സെക്കൻഡറി സ്കൂൾ മാനേജ്‌മെന്‍റ് അസോസിയേഷൻ സെക്രട്ടറി ഡി. ശശി കുമാർ ഇത് സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ടു. നിരോധിച്ച ഭക്ഷണസാധനങ്ങളുടെ വിശദമായ പട്ടിക ഉടൻ പുറത്തിറക്കുമെന്ന് ആരോഗ്യ മന്ത്രി യു.ടി. ഖാദർ വ്യക്തമാക്കി. ജീവിതശൈലി രോഗങ്ങൾ തടയുന്നതിനുള്ള ആദ്യ ഘട്ടമാണിതെന്നും വൈകാതെ കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. പോഷകമൂല്യം നോക്കാതെ രുചി മാത്രം നോക്കിയാണ് കുട്ടികൾ ഭക്ഷണം തെരഞ്ഞെടുക്കുന്നത്. ഇത്തരം ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാൻ ഇടയാക്കും. സ്കൂൾ കാമ്പസുകളിൽ ഇത്തരം ഭക്ഷണങ്ങൾ വിൽക്കുന്നില്ലെന്ന് മാനേജ്മെന്‍റ് ഉറപ്പ് വരുത്തുകയും നിരോധനത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേണം.
സ്കൂളുകൾക്ക് സമീപമുള്ള ബേക്കറികൾ, ഹോട്ടലുകൾ, കാന്‍റീീനുകൾ എന്നിവക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സാധുവായ ലൈസൻസ് ഉണ്ടായിരിക്കണം. നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ മൂന്നുലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും അടുത്ത അക്കാദമിക് വർഷം മുതൽ ജങ്ക് ഫുഡ് വിൽക്കുന്നതായി കണ്ടെത്തുന്ന സ്കൂളുകളുടെ അംഗീകാരമോ ലൈസൻസോ പുതുക്കാതിരിക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ആലോചിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

