ലോജിസ്റ്റിക് ട്രക്ക് സർവിസുമായി കർണാടക ആർ.ടി.സി
text_fieldsRepresentational Image
ബംഗളൂരു: ടിക്കറ്റിതര വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യവുമായി കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ലോജിസ്റ്റിക് ട്രക്ക് സർവിസ് തുടങ്ങാൻ കർണാടക ആർ.ടി.സി. പ്രതിവർഷം 100 കോടി രൂപ വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആറു ടൺ വരെ ചരക്ക് കയറ്റാവുന്ന 20 മിനിലോറികളാണ് ആദ്യഘട്ടത്തിൽ വാങ്ങുക.
ഒന്നിന് 17 ലക്ഷം രൂപയാണ് വില. ഡിസംബർ ആദ്യ വാരത്തോടെ സർവിസ് തുടങ്ങുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. 2021ലാണ് കർണാടക ആർ.ടി.സി ‘നമ്മ കാർഗോ’എന്ന പേരിൽ പാഴ്സൽ സർവിസ് തുടങ്ങിയത്. കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളെയും കർണാടകയിലെ വിവിധ ജില്ലകളെയും ബന്ധിപ്പിച്ചുള്ളതാണ് പാഴ്സൽ സർവിസ്.