ശബരിമലയിലേക്ക് കർണാടക ആർ.ടി.സി വോൾവോ ബസ്
text_fieldsബംഗളൂരു: ശബരിമല തീർഥാടകരുടെ യാത്രാസൗകര്യം പരിഗണിച്ച് ഡിസംബർ ഒന്നുമുതൽ കർണാടക ആർ.ടി.സി പ്രത്യേക ബസ് സർവിസ് നടത്തും. ബംഗളൂരുവിൽ നിന്ന് പമ്പ (നിലക്കൽ) വരെയാണ് ഐരാവത് വോൾവോ എ.സി ബസ് സർവിസ് നടത്തുക. എല്ലാ ദിവസവും ഉച്ചക്ക് 1.50ന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് പുറപ്പെടുക. തുടർന്ന് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിലെത്തി ഉച്ചക്ക് 2.30ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 6.30നാണ് ബസ് പമ്പയിൽ എത്തുക.
യാത്രക്കാർക്ക് മൈസൂരുവിൽ നിന്നും ബുക്ക് ചെയ്യാം. മൈസൂരുവിൽ വൈകീട്ട് 5.35നാണ് ബസ് എത്തുക. പമ്പയിൽ നിന്ന് തിരിച്ച് വൈകീട്ട് ആറുമണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30ന് ബംഗളൂരുവിൽ എത്തും. www.ksrtc.in സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ഇതുകൂടാതെ ഒരു നോൺ എ.സി ബസ് കൂടി പമ്പയിലേക്ക് സർവിസ് നടത്തും. ഇതിന്റെ വിവരങ്ങൾ പിന്നീട് അറിയിക്കും.

