ശ്രീരംഗപട്ടണ, മേലുക്കോട്ടെ എന്നിവിടങ്ങളിലേക്ക് പാക്കേജ് ടൂറുമായി കർണാടക ആർ.ടി.സി
text_fieldsമേലുക്കോട്ടെ ചെലുവനാരായണ സ്വാമി ക്ഷേത്രം
ബംഗളൂരു: വാരാന്ത അവധി ദിനങ്ങളിൽ ബംഗളൂരുവിൽനിന്ന് ടൂർ പാക്കേജ് അവതരിപ്പിച്ച് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി). ഹെറിറ്റേജ്- ആത്മീയ കേന്ദ്രങ്ങളായ ശ്രീരംഗപട്ടണ, കല്ലഹള്ളി, മേലുകോട്ടെ എന്നിവിടങ്ങളിലേക്കാണ് കെ.എസ്.ആർ.ടി.സി ടൂർ പാക്കേജ് അവതരിപ്പിച്ചത്.
എല്ലാ ശനി, ഞായർ ദിവസങ്ങളിലും പാക്കേജ് ഉണ്ടായിരിക്കുമെന്നും സഞ്ചാരികൾക്ക് സൗകര്യപ്രദമായ രീതിയിലാണ് യാത്ര പ്ലാൻ ചെയ്തതെന്നും അവർ പറഞ്ഞു. ശ്രീരംഗപട്ടണയിലെ നിമിഷംബ ക്ഷേത്രം, രംഗനാഥ ക്ഷേത്രം, കല്ലഹള്ളി, മേലുകോട്ടെ എന്നിവിടങ്ങളിലെ ശ്രീ ഭൂവരാഹസ്വാമി ക്ഷേത്രം, ചെലുവനാരായണ സ്വാമി ക്ഷേത്രം, അക്തംഗി കല്യാണി, രായഗോപുര എന്നിവയും പാക്കേജിൽ ഉൾപ്പെടും.
ബംഗളൂരുവിൽനിന്ന് എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും രാവിലെ 6.30ന് പുറപ്പെടുന്ന ബസ്, ബംഗളൂരു- മൈസൂരു ഹൈവേ വഴിയാണ് മാണ്ഡ്യയിലേക്ക് തിരിക്കുക. ഏകദേശം 350 കിലോമീറ്റർ യാത്ര പൂർത്തിയാക്കി രാത്രി 8.15ന് ബംഗളൂരുവിൽ തിരിച്ചെത്തും. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, പ്രവേശന ഫീസ് എന്നിവ പാക്കേജിൽ ഉൾപ്പെടില്ല.
മുതിർന്നവർക്ക് 670 രൂപയും ആറു മുതൽ 12 വരെ വയസ്സുള്ള കുട്ടികൾക്ക് 500 രൂപയുമാണ് പാക്കേജ് നിരക്ക്. ഫോൺ: 7760990100. വെബ്സൈറ്റ്: www.ksrtc.in അതേസമയം, ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) ശനിയാഴ്ച ദിവ്യ ദർശൻ ടൂർ പാക്കേജും ആരംഭിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ മൂന്ന് ബസുകളും നിറഞ്ഞാണ് സർവിസ് നടത്തിയത്.
ദിവ്യ ദർശൻ പാക്കേജിന്റെ ഭാഗമായി, ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം, രാജരാജേശ്വരി ക്ഷേത്രം, ശൃംഗഗിരി ഷൺമുഖ ക്ഷേത്രം, കുറുമാരിയമ്മ ക്ഷേത്രം, ഓംകാർ ഹിൽസ്, ഇസ്കോൺ, ആർട്ട് ഓഫ് ലിവിങ്, ബനശങ്കരി ക്ഷേത്രം എന്നിവയുൾപ്പെടെ ബംഗളൂരുവിലും പരിസരത്തുമുള്ള എട്ട് പ്രധാന ക്ഷേത്രങ്ങളിലേക്കാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്.
ജനങ്ങളിൽനിന്നുള്ള പ്രതികരണം വിലയിരുത്തിയ ശേഷം സർവിസ് മറ്റു ദിവസങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ബി.എം.ടി.സി ഉദ്യോഗസ്ഥർ പറഞ്ഞു. മുതിർന്നവർക്ക് ഒരാൾക്ക് 450 രൂപയും കുട്ടികൾക്ക് 350 രൂപയുമാണ് നിരക്ക്. വിനോദസഞ്ചാരികൾക്ക് ക്ഷേത്രങ്ങളിൽ നേരിട്ട് പ്രവേശനം ലഭിക്കുമെന്നും ക്യൂവിൽ കാത്തിരിക്കേണ്ടിവരില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

