ചർമാഡി ഹസനബ്ബക്കും പർകള അബ്ദുല്ലക്കും രാജ്യോത്സവ അവാർഡ്
text_fieldsമംഗളൂരു: മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള കർണാടക സർക്കാറിന്റെ രാജ്യോത്സവ അവാർഡിന് വ്യവസായിയും ഉഡുപ്പി ജില്ല മുസ്ലിം ഒകുട (ഐക്യവേദി) പ്രസിഡൻറുമായ പർകള ഹാജി അബ്ദുല്ല, ബെൽത്തങ്ങാടി മുസ്ലിം ഐക്യവേദി പ്രസിഡൻറ് ചർമാഡി ഹസനബ്ബ എന്നിവർ അർഹരായി. കർണാടക പിറവി ദിനാഘോഷവുമായി ബന്ധപ്പെട്ട് നൽകുന്ന അഭിമാന പുരസ്കാരമാണിത്.
ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടിയിൽ ദരിദ്ര കുടുംബത്തിൽ ജനിച്ച് പോരാട്ടജീവിതം നയിച്ചാണ് ഹസനബ്ബ ഉയരങ്ങൾ കീഴടക്കിയത്. ചർമാഡി ചുരത്തിൽ വാഹന അപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതോടെയാണ് ഹസനബ്ബയുടെ സാമൂഹിക സേവനം ഏറെ ശ്രദ്ധനേടിയത്.
ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡൻറ്, ബെൽത്തങ്ങാടി താലൂക്ക് മുസ്ലിം യൂനിയൻ, മുസ്ലിം ഐക്യവേദി, ദക്ഷിണ കന്നട ജില്ല വഖഫ് ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ജില്ല രാജ്യോത്സവ അവാർഡ്, വിവിധ സംഘടനകളുടെ അവാർഡുകൾ എന്നിവ നേരത്തേ നേടിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ നീലേശ്വരത്ത് ജനിച്ച പർകള ഹാജി അബ്ദുല്ല 1967ൽ തന്റെ 24ാം വയസ്സിൽ ഉഡുപ്പിയിൽ ചേക്കേറുകയായിരുന്നു.
മണിപ്പാൽ ഡോ. ടി.എ. പൈയുടെ കീഴിൽ തുടങ്ങിയ വ്യാപാരം വൻ ശൃംഖലയായി വളർന്നു. മണിപ്പാലിൽ എത്തുന്ന മലയാളികൾ ഉൾപ്പെടെ പരദേശികൾക്ക് അത്താണിയാണ് അബ്ദുല്ല. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച മണിപ്പാൽ മസ്ജിദിനോട് ചേർന്ന സൗകര്യങ്ങൾ പരദേശികളായ വിദ്യാർഥികൾ, രോഗികളുടെ ബന്ധുക്കൾ തുടങ്ങിയവർക്ക് വലിയ ആശ്വാസമാണ്. ജംഇയ്യത്തുൽ ഫലാഹ്, മുസ്ലിം വെൽഫെയർ അസോസിയേഷൻ, മില്ലത്ത് എജുക്കേഷൻ ട്രസ്റ്റ്, സിയ എജുക്കേഷൻ ട്രസ്റ്റ് എന്നിവയുടെ സ്ഥാപകനും നായകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

