കർണാടക പൊലീസ് രാജ്യത്തെ മുൻനിര സേന -ഗവർണർ
text_fieldsഗവർണർ താവർചന്ദ് ഗഹ്ലോട്ട് മെഡൽ സമ്മാനിക്കുന്നു, മുഖ്യമന്ത്രി സിദ്ധരാമയ്യ സമീപം
ബംഗളൂരു: കർണാടക പൊലീസിന്റെ ധൈര്യത്തിനും അച്ചടക്കത്തിനും ത്യാഗത്തിനും പ്രശംസ അർപ്പിച്ച് ഗവർണർ തവാർചന്ദ് ഗെലോട്ട് രാജ്യത്തെ മുൻനിര സേനയെന്ന് വിശേഷിപ്പിച്ചു. ശനിയാഴ്ച രാജ്ഭവനിൽ നടന്ന 2025 രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡൽ, രാഷ്ട്രപതിയുടെ പ്രശംസനീയ സേവന മെഡൽ, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡൽ എന്നിവ പൊലീസ് ഉദ്യോഗസ്ഥർക്ക് സമ്മാനിക്കുകയായിരുന്നു ഗവർണർ.
സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ മാതൃകാപരമായ സേവനത്തിന് ഈ അവാർഡുകൾ അംഗീകാരമാണെന്ന് ഗവർണർ പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ പോലുള്ള ഉയർന്നുവരുന്ന കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സാങ്കേതികവിദ്യയുടെ ഉപയോഗം തീവ്രമാക്കണമെന്ന് ഗവർണർ സേനയോട് ആവശ്യപ്പെട്ടു. ദേശീയ സുരക്ഷ, ഐക്യം, സമഗ്രത എന്നിവ ഉയർത്തിപ്പിടിക്കാൻ സേന തുടർന്നും പ്രവർത്തിക്കുമെന്ന് ഗവർണർ പ്രത്യാശ പ്രകടിപ്പിച്ചു.
സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാനും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വ്യക്തികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസിനോട് ആവശ്യപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത്തരം കേസുകളിൽ ശിക്ഷാനിരക്ക് കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ സംവേദനക്ഷമതയോടും ഉത്തരവാദിത്തത്തോടും കൂടി പ്രവർത്തിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ സന്നദ്ധമാവണം. ദുർബല വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എല്ലാ ജില്ലകളിലും സ്ഥാപിച്ച ഡി.സി.ആർ.ഇ പൊലീസ് സ്റ്റേഷനുകൾ തൃപ്തികരമായ പുരോഗതി കൈവരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കുറ്റകൃത്യങ്ങൾ തടയുന്നതിന് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും പൊലീസിന്റെ പ്രകടനം എണ്ണത്തിൽ മാത്രം ഒതുങ്ങുന്നതിനുപകരം അവർ തടയുന്ന കുറ്റകൃത്യങ്ങൾ നോക്കി അളക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ സമാധാനം നിലനിൽക്കണമെങ്കിൽ പൊലീസ് അവരുടെ സാമൂഹിക ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കണം. ഉദ്യോഗസ്ഥർ ആത്മാർഥതയോടെയും സാമൂഹിക പരിഗണനയോടെയും തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിച്ചാൽ സമൂഹത്തിന് പ്രയോജനം ലഭിക്കും. നീതി സാധാരണക്കാർക്ക് ലഭ്യമാകും -അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര, പൊലീസ് ഡയറക്ടർ ജനറൽ എം.എ. സലിം, അഡീഷനൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) തുഷാർ ഗിരിനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

