ഓപറേഷൻ തൂഫാൻ യജ്ഞത്തിൽ കർണാടക കണ്ണിയായി; കോടികളുടെ എം.ഡി.എം.എ പിടിച്ചെടുത്ത് മംഗളൂരു പൊലീസ്
text_fieldsമംഗളൂരു: കേരളത്തിൽ ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ വേട്ടയിൽ കർണാടക പൊലീസ് കണ്ണിയായി.കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനോട് ലഹരി വിരുദ്ധയജ്ഞത്തിന് പിന്തുണ തേടിയതിന് പിന്നാലെ 5.20 കോടിയുടെ എംഡിഎംഎ മംഗളൂരു സിസിബി പൊലീസ് പിടിച്ചെടുത്തു.
കേരളത്തിലേക്ക് കടത്താൻ തയ്യാറെടുക്കുന്ന ലഹരി മാഫിയ സംഘത്തെ മംഗളൂരുവിൽ നിന്ന് 480 കിലോമീറ്റർ അകലെ ബാഗൽകോട്ട് നിന്നാണ് മംഗളൂരു പൊലീസ് പിടികൂടിയതെന്ന് പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി വ്യാഴാഴ്ച വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ദക്ഷിണ കന്നട ജില്ലയിൽ ബെൽത്തങ്ങാടി താലൂക്കിലെ ഇന്ദബെട്ടു സ്വദേശി മുഹമ്മദ് അൽഫാസ് (28), ഉജിരെയിലെ ഹാലെപേട്ട് ലൈല വിവേകാനന്ദ നഗറിലെ താമസക്കാരനായ മുഹമ്മദ് മുസ്തഫ (28) എന്നിവരെ അറസ്റ്റ് ചെയ്തു.
മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ബംഗളൂരുവിലേക്ക് ഡൽഹിയിൽ നിന്ന് വനിതകൾ ഉൾപ്പെടെ വിദേശ പൗരന്മാർ വഴി എത്തുന്ന ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തുന്ന ശൃംഖലയിലെ കണ്ണികളാണ് അറസ്റ്റിലായത്.
ബാഗൽകോട്ട് ജില്ലയിലെ ഹുനഗുണ്ടയിൽ ദേശീയപാതയിലെ റോയൽ ഇൻ ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട് 2024 ൽ കൊണാജെ പൊലീസ് സ്റ്റേഷനിലും ഈ വർഷം ഉർവ പൊലീസ് സ്റ്റേഷനിലും മുഹമ്മദ് അൽഫാസിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് രേഖകൾ വ്യക്തമാക്കുന്നു.
ലഹരി റാക്കറ്റിൽ മറ്റ് നിരവധി പേർക്ക് പങ്കുണ്ടെന്ന് കരുതുന്നുണ്ടെന്നും ശൃംഖലയിലെ ശേഷിക്കുന്ന അംഗങ്ങളെ തിരിച്ചറിയാനും പിടികൂടാനുമുള്ള അന്വേഷണം തുടരുകയാണെന്നും കമ്മീഷണർ റെഡ്ഡി പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ദക്ഷിണ കന്നട പൊലീസ് സൂപ്രണ്ട് ഡോ. അരുൺ കുമാർ, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർമാരായ രവിശങ്കർ, മിഥുൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

