അവയവം മാറ്റിവെക്കാൻ വർഷങ്ങളുടെ കാത്തിരിപ്പ്; കർണാടകയിൽ അവയവക്ഷാമം രൂക്ഷം
text_fieldsബംഗളൂരു: രാജ്യത്തുടനീളവും വിദേശത്തുമുള്ള രോഗികൾക്ക് പ്രധാന ആരോഗ്യ സംരക്ഷണ കേന്ദ്രമായി ബംഗളൂരു മാറിയിട്ടും കർണാടകയിൽ 6291 പേർ അവയവമാറ്റത്തിനായി കാത്തിരിക്കുന്നതായി റിപ്പോർട്ട്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി അവയവദാന നിരക്ക് വർധിപ്പിക്കുന്നതിനായി സമഗ്രമായ പുതിയ തന്ത്രം രൂപവത്കരിക്കാൻ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ലഭ്യമായ കണക്കുകൾ പ്രകാരം വൃക്കക്കായുള്ള കാത്തിരിപ്പ് കാലയളവ് ഏകദേശം അഞ്ച് വർഷത്തോളമാണ്. കരൾ മാറ്റിവെക്കലിനായി ഈ കാത്തിരിപ്പ് കാലയളവ് ഏകദേശം നാലര വർഷത്തോളമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യം മാറ്റിയെടുക്കാൻ അവയവദാനത്തെക്കുറിച്ച് ജനങ്ങളിൽ വ്യാപകമായ അവബോധം സൃഷ്ടിക്കുകയും ആശുപത്രികളിലെ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
സംസ്ഥാനത്തെ അവയവങ്ങളുടെ കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി അവയവം മാറ്റിവെക്കൽ മേഖലക്കായി ദീർഘകാല പദ്ധതി നടപ്പിലാക്കാൻ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നു. അവയവദാന നിരക്ക് വർധിപ്പിക്കുക, ആവശ്യമുള്ള രോഗികൾക്ക് അവയവങ്ങൾ വേഗത്തിൽ ലഭ്യമാക്കാനുള്ള സംവിധാനം മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി ഒരു പ്രത്യേക അവയവം മാറ്റിവെക്കൽ വിഷനിങ് കമ്മിറ്റി രൂപവത്കരിക്കാൻ പദ്ധതിയുണ്ട്. ജനങ്ങളിൽ അവബോധം വളർത്തുന്നതിനൊപ്പം ജില്ല ആശുപത്രികളിൽ തലച്ചോറിന്റെ പ്രവർത്തനത്തിലെ തകരാറുകൾ (ബ്രെയിൻ ഡെഡ്) സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനാ സംവിധാനങ്ങളും ശക്തിപ്പെടുത്തി വരുന്നു.
സർക്കാർ ആശുപത്രികളിലെ അവയവം മാറ്റിവെക്കൽ സൗകര്യങ്ങൾ വിപുലീകരിക്കാനും സർക്കാർ മെഡിക്കൽ കോളജുകൾ ഈ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അവയവ വിതരണ പ്രക്രിയ കൂടുതൽ സുതാര്യവും കുറ്റമറ്റതുമാക്കുന്നതിന്റെ ഭാഗമായി രോഗികളുടെ വിശദാംശങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി പുതിയ സോഫ്റ്റ്‌വെയർ നടപ്പാക്കാനും പദ്ധതി വ്യവസ്ഥ ചെയ്യുന്നു. സർക്കാറിന്റെ അഭിമാനകരമായ ‘ജീവൻ സാർത്ഥകത്’ പദ്ധതിയുടെ ലക്ഷ്യങ്ങൾ പൂർണതോതിൽ കൈവരിക്കുന്നതിനും ഈ നടപടികൾ സഹായകരമാകും എന്നാണ് കണക്ക് കൂട്ടൽ.

