കർണാടക: ഐക്യ സന്ദേശമോതി പ്രതിപക്ഷ നിര
text_fieldsബംഗളൂരു: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ ട്രയൽറണ്ണെന്ന് വിശേഷിപ്പിക്കപ്പെട്ട കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ ജയത്തിൽ അഭിവാദ്യമർപ്പിച്ച് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിനെത്തി.
കോൺഗ്രസ് അധികാരത്തിലേറുന്ന ചടങ്ങിന് സാക്ഷിയായ നേതാക്കൾ വേദിയിൽ പരസ്പരം സൗഹൃദം പങ്കുവെച്ചത് ഊഷ്മള കാഴ്ചയായി. ബി.ജെ.പിയെ പൊതുശത്രുവാക്കി ദേശീയ^പ്രാദേശിക പാർട്ടികളുടെ വിശാല സഖ്യം എന്ന സാധ്യതകളിലേക്ക് വഴിമരുന്നിട്ട് ചർച്ചകൾ ഇതിനകം പുരോഗമിക്കുന്നുണ്ടെങ്കിലും ആ നിരയെ ഒരു വേദിയിൽ അണിനിരത്തിയുള്ള ഐക്യപ്രകടനത്തിന് കർണാടകയിലെ കോൺഗ്രസ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് കാരണമായി.
2018ൽ കോൺഗ്രസ്- ജെ.ഡി-എസ് സഖ്യ സർക്കാർ അധികാരത്തിലേറുന്ന ചടങ്ങിന് സാക്ഷിയാവാൻ പ്രതിപക്ഷത്തെ വൻ നിരയാണെത്തിയത്.കോൺഗ്രസ് ഒറ്റക്ക് അധികാരത്തിലെത്തിയ ഇത്തവണ പ്രതിപക്ഷ നിരയിൽനിന്ന് 20 പാർട്ടി നേതാക്കളെയാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോൺഗ്രസ് ക്ഷണിച്ചത്. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ ക്ഷണിച്ചിരുന്നെങ്കിലും അവർ പ്രതിനിധിയായി ലോക്സഭ ഉപനേതാവ് കകോലി ഘോഷ് ദസ്തിദാറിനെ അയച്ചു. 2018ലെ സത്യപ്രതിജ്ഞ ചടങ്ങിൽ മമത പങ്കെടുത്തിരുന്നു. എച്ച്.ഡി. ദേവഗൗഡയുടെ ക്ഷണപ്രകാരമായിരുന്നു ഇത്.
ജെ.എം.എം അധ്യക്ഷനും ഝാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറൻ, ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ, ജെ.ഡി-യു ചീഫും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, ആർ.ജെ.ഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, എൻ.സി.പി അധ്യക്ഷൻ ശരദ് വാർ, ശിവസേന താക്കറെ വിഭാഗം നേതാവ് ഉദ്ധവ് താക്കറെ, നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല,
പി.ഡി.പി നേതാവ് മഹ്ബൂബ മുഫ്തി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ശിവസേന നേതാക്കളായ പ്രിയങ്ക ചതുർവേദി, അനിൽദേശായി, ജെ.ഡി-യു നേതാവ് ലാലൻ സിങ്, മക്കൾ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽ ഹാസൻ, മുസ്‍ലിംലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് എം.പി. അബ്ദുസ്സമദ് സമദാനി, സി.പി.ഐ (എം.എൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യ, ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരി, വിടുതലൈ ചിരുതൈകൾ കക്ഷി നേതാവ് ഡോ. തൊൽ. തിരുമാവളവൻ എന്നിവരാണ് ചടങ്ങിനെത്തിയത്.
എൻ.എസ്.യു.ഐ നേതാക്കളുടെ പ്രത്യേക ക്ഷണപ്രകാരം എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹ്മദ് സാജുവും പങ്കെടുത്തു.അതേസമയം, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, കേരള കോൺഗ്രസ് -എം നേതാവ് ജോസ് കെ. മാണി എന്നിവർ ചടങ്ങിനെത്തിയില്ല.
കേരള മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങിൽ പങ്കെടുപ്പിക്കാത്തതിൽ കേരളത്തിലെ സി.പി.എം നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷ നിരയിലെ ബി.ആർ.എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു, ബി.ജെ.ഡി അധ്യക്ഷനും ഒഡിഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്, വൈ.എസ്.ആർ.സി.പി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി,
ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, ബി.എസ്.പി ചീഫ് മായാവതി തുടങ്ങിയ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. കോൺഗ്രസ് മുഖ്യമന്ത്രിമാരായ ഭൂപേഷ് ബാഘേൽ (ഛത്തീസ് ഗഢ്), അശോക് ഗഹ് ലോട്ട് (രാജസ്ഥാൻ), സുഖ്‍വീന്ദർ സിങ് സുഖു (ഹിമാചൽ പ്രദേശ്), മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കമൽനാഥ് സിങ്, താരിഖ് അൻവർ, കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജെവാല തുടങ്ങിയവരടക്കമുള്ള കോൺഗ്രസിന്റെ ദേശീയ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

