കർണാടക മാങ്ങക്ക് ആന്ധ്രയിൽ വിലക്ക്; കർഷകർ ദുരിതത്തിൽ
text_fieldsതോതാപുരി കർഷകർ മാമ്പഴം വിപണനത്തിന് ഒരുക്കുന്നു
ബംഗളൂരു: ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ തോതാപുരി മാമ്പഴം ഇറക്കുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കർണാടകയിലെ കർഷകർക്ക് മാങ്ങ സീസണിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു. വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷ് ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ‘പെട്ടെന്നുള്ളതും ഏകപക്ഷീയവുമായ നിയന്ത്രണം’ കർണാടകയിലെ മാമ്പഴ കർഷകർക്ക്, പ്രത്യേകിച്ച് അതിർത്തി ജില്ലകളിലെ കർഷകർക്ക് ദുരിതമാവുന്നതായി കത്തിൽ പറഞ്ഞു.
വലിയ അളവിൽ തോതാപുരി മാങ്ങ കൃഷി ചെയ്യുന്നവർ അവരുടെ പഴം ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിന് ചിറ്റൂർ ആസ്ഥാനമായുള്ള സംസ്കരണ യൂനിറ്റുകളെ ആശ്രയിക്കുന്നതിനാൽ വലിയ ദുരിതം സൃഷ്ടിച്ചിട്ടുണ്ടെന്ന് ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറി കെ. വിജയാനന്ദിന് അയച്ച കത്തിൽ ശാലിനി ചൂണ്ടിക്കാട്ടി.
ചീഫ് സെക്രട്ടറി ശാലിനി
മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള തോതാപുരി മാമ്പഴങ്ങളുടെ വരവ് നിരോധിച്ച് ചിറ്റൂർ ജില്ല കലക്ടർ ഈ മാസം ഏഴിന് പുറപ്പെടുവിച്ച ഉത്തരവിൽ ശാലിനി ആശങ്ക പ്രകടിപ്പിച്ചു. ഇറക്കുമതി വിലക്കിയ ഉത്തരവ് നടപ്പിലാക്കുന്നതിനായി റവന്യൂ, പൊലീസ്, വനം, മാർക്കറ്റിങ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന മൾട്ടി ഡിസിപ്ലിനറി ടീമുകളെ തമിഴ്നാടിനും കർണാടകക്കും സമീപമുള്ള എല്ലാ അതിർത്തി ചെക്ക്പോസ്റ്റുകളിലും വിന്യസിച്ചിട്ടുണ്ട്.
ദീർഘകാലമായി നിലനിൽക്കുന്ന അന്തർസംസ്ഥാന വ്യാപാര ബന്ധത്തിന്റെ തടസ്സം മാങ്ങ കർഷകരുടെ ഉപജീവനത്തിന് ഭീഷണി ഉയർത്തുകയാണ്. കർഷകർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്കപ്പുറം ആന്ധ്രയുടെ നീക്കം സഹകരണ ഫെഡറലിസത്തിന്റെ മനോഭാവത്തെ ദുർബലപ്പെടുത്തുകയും പ്രതികാര വികാരങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്ന് കർണാടക ചീഫ് സെക്രട്ടറി കത്തിൽ പറയുന്നു.
കർണാടക ആന്ധ്രപ്രദേശിൽനിന്നുള്ള പച്ചക്കറി വരവ് തടസ്സപ്പെടുത്തിയേക്കാമെന്ന ആശങ്ക ഇതിനകം തന്നെയുണ്ട്. ഇത് അനാവശ്യമായ അന്തർ സംസ്ഥാന സംഘർഷങ്ങളിലേക്ക് നയിച്ചേക്കാം. കർണാടക 11-12 ലക്ഷം ടൺ മാമ്പഴം ഉൽപാദിപ്പിക്കുന്നു. അതിൽ ഒരു ലക്ഷം ടൺ കോലാർ ജില്ലയിൽനിന്നാണ്. ഉൽപാദിപ്പിക്കുന്ന 22,000 ടൺ തോതാപുരി മാമ്പഴത്തിൽ 14,000 ടൺ ശ്രീനിവാസപൂരിൽനിന്നാണ്.
കോലാറിലെ ഏകദേശം 48,000 ഹെക്ടർ സ്ഥലത്ത് മാമ്പഴ കൃഷിയുണ്ട്. അതിൽ 22,000 ഹെക്ടർ ശ്രീനിവാസപൂരിലാണ്. ചിക്കബെല്ലാപൂരിൽ 15,000 ഹെക്ടറിൽ മാമ്പഴ കൃഷിയുണ്ട്. മറ്റ് ഇനങ്ങളിൽനിന്ന് വ്യത്യസ്തമായി തോതാപുരി വാർഷിക വിളയായതിനാൽ, കൂടുതൽ കർഷകർ തോതാപുരി വളർത്തുന്നു. ശ്രീനിവാസപൂരിൽ മൂന്ന് മാമ്പഴ മാർക്കറ്റിങ് യാർഡുകളുണ്ട്.
ഒന്ന് സ്വകാര്യ ഉടമസ്ഥതയിലുള്ളതും രണ്ടാമത്തേത് കാർഷിക ഉൽപാദന വിപണന സമിതിയുടേതും മൂന്നാമത്തേത് മാമ്പഴ കർഷകരുടെ അസോസിയേഷന്റേതുമാണ്. ഏത് സമയത്തും 100-200 ട്രക്കുകളും ട്രാക്ടറുകളും അവിടെനിന്ന് ആന്ധ്രപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര പ്രാദേശിക വിപണികളിലേക്ക്, പ്രത്യേകിച്ച് ബംഗളൂരുവിലേക്ക് മാമ്പഴം കൊണ്ടുപോകുന്നത് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

