‘കർണാടക മണ്ഡപം’പരിഗണനയില്‍ -മുഖ്യമന്ത്രി
text_fieldsപാലസ് ഗ്രൗണ്ടിൽ നടന്ന പ്രഥമ കർണാടക ടൂറിസം അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബംഗളൂരു: ഡൽഹിയിലെ ഭാരത് മണ്ഡപത്തിന്‍റെ മാതൃകയിൽ ‘കർണാടക മണ്ഡപം’ നിർമിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമാണ് പദ്ധതിയെന്ന് ലോക ടൂറിസം ദിനത്തിൽ പാലസ് ഗ്രൗണ്ടിൽ നടന്ന പ്രഥമ കർണാടക ടൂറിസം അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് ശിവകുമാർ പറഞ്ഞു.
കുടക്, മലനാട് മേഖലയില്‍ പരിസ്ഥിതിയും പ്രാദേശിക സംസ്കാരവും സംരക്ഷിച്ചുകൊണ്ട് ടൂറിസം പ്രോത്സാഹിപ്പിക്കും. കര്‍ണാടകയുടെ 360 കിലോമീറ്ററുള്ള തീരപ്രദേശത്തിന്‍റെ സാധ്യതകള്‍ പൂർണമായി വിനിയോഗിച്ചിട്ടില്ല.
തീരദേശ, മലനാട് പ്രദേശങ്ങളുടെ പ്രകൃതിദത്തവും സാംസ്കാരികവുമായ സമ്പത്ത് പ്രയോജനപ്പെടുത്തുന്നതിനായി കോസ്റ്റൽ മലനാട് കർണാടക ടൂറിസം നയം-2026 സർക്കാർ അംഗീകരിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. തീരദേശ നിയന്ത്രണ മേഖല (സി.ആർ.സെഡ്) നിയമങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ കേന്ദ്രത്തിന്‍റെ പിന്തുണ തേടും.
പരിസ്ഥിതി സംരക്ഷിക്കുന്നതിനൊപ്പം കർണാടകയുടെ പ്രകൃതിവിഭവങ്ങളും പൈതൃകവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രതിബദ്ധതയും ഉത്സാഹവും ഇല്ലാതെ ടൂറിസത്തിൽ വിജയിക്കാൻ കഴിയില്ല.
ബംഗളൂരുവിൽ കൺവെൻഷൻ സെന്‍റര്‍ സ്ഥാപിക്കുന്ന കാര്യവും സർക്കാറിന്‍റെ പരിഗണനയിലുണ്ട്. അടുത്തയാഴ്ച കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമായി നടക്കുന്ന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ സ്കൈ ഡെക്ക് പദ്ധതിക്ക് അനുയോജ്യമായ സ്ഥലം സർക്കാർ കണ്ടെത്തി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

