കർണാടക നിയമനിർമാണ കൗൺസിലിലെ ഒഴിവുള്ള സീറ്റിൽ ഉപതെരഞ്ഞെടുപ്പ് 12ന്
text_fieldsബംഗളൂരു: കർണാടക നിയമനിർമാണ കൗൺസിലിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് ജൂലൈ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. 2028 ജൂൺ അവസാനംവരെ ഷെട്ടറിന് കൗൺസിലിൽ കാലാവധിയുണ്ടായിരിക്കെയാണ് രാജി.
2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പരിഭവിച്ച് ബി.ജെ.പി വിട്ട ജഗദീഷ് ഷെട്ടർ (68) കോൺഗ്രസിൽ ചേർന്നിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ ധാർവാഡ് സെൻട്രൽ സീറ്റിൽ മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർഥിയോട് തോറ്റു. പിന്നീട് കോൺഗ്രസ് എം.എൽ.സി പദവി നൽകുകയായിരുന്നു. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് അദ്ദേഹം എം.എൽ.സി പദവി രാജിവെച്ച് ബി.ജെ.പിയിലേക്ക് തിരിച്ചുപോയി. ബെളഗാവിയിൽ ബി.ജെ.പി സീറ്റ് നൽകി. കോൺഗ്രസിന്റെ മൃണാൾ ഹെബ്ബാൾക്കറെ തോൽപിച്ച് ജഗദീഷ് ഷെട്ടർ എം.പിയായി.
കൗൺസിൽ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ജൂൺ 25ന് പുറപ്പെടുവിക്കും. ജൂലൈ രണ്ടാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. ജൂലൈ മൂന്നിന് സൂക്ഷ്മ പരിശോധന നടക്കും. ജൂലൈ അഞ്ചിനകം സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക പിൻവലിക്കാം. 12ന് വൈകീട്ട് അഞ്ചിന് വോട്ടെണ്ണൽ നടക്കും.

