ധർമസ്ഥല; സാമൂഹ്യമാധ്യമ പോസ്റ്റുകൾ നിരീക്ഷണത്തിലെന്ന് കർണാടക ആഭ്യന്തര മന്ത്രി
text_fieldsകർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര
ബംഗളൂരു: ധർമസ്ഥലയിൽ കൊല്ലപ്പെട്ട നൂറിലേറെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കുഴിച്ചുമൂടാൻ നിർബന്ധിതനായെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സാമൂഹിക വികാരം ആളിക്കത്തിക്കുന്ന വിധത്തിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ നിരീക്ഷണത്തിലാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. സമൂഹത്തെ തെറ്റായ രീതിയിലേക്ക് നയിക്കുന്ന പോസ്റ്റുകൾ കണ്ടെത്താൻ സമൂഹ മാധ്യമങ്ങളിൽ നിരീക്ഷണം തുടരും. ദക്ഷിണ കന്നഡയിൽ മുമ്പ് ഇത്തരം പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ധർമസ്ഥല കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി തലവനായ പ്രണബ് മൊഹന്തി വെള്ളിയാഴ്ച ബംഗളൂരുവിൽ ആഭ്യന്തര മന്ത്രിയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചു. കേന്ദ്ര സർക്കാറിന്റെ ഡയറക്ടർ ജനറൽ റാങ്കിലേക്ക് പ്രണബ് മൊഹന്തിയെ പരിഗണിച്ചതായ പശ്ചാത്തലത്തിൽ അദ്ദേഹത്തെ എസ്.ഐ.ടി ചുമതലയിൽനിന്ന് മാറ്റിയേക്കുമെന്ന അഭ്യൂഹത്തിനിടെയാണ് കൂടിക്കാഴ്ച. നിലവിൽ കർണാടക ആഭ്യന്തര സുരക്ഷാ വിഭാഗത്തിൽ ഡി.ജി.പിയാണ് പ്രണബ് കുമാർ മൊഹന്തി.
‘മൊഹന്തിയുടെ പേര് കേന്ദ്ര പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എന്നാൽ, പെട്ടെന്ന് അദ്ദേഹത്തിന് പോസ്റ്റ് കേന്ദ്രം നൽകിയേക്കില്ലെന്നും പരമേശ്വര പറഞ്ഞു. അതേക്കുറിച്ച് അറിയിക്കാനാണ് അദ്ദേഹം വന്നത്. വ്യാജ വാർത്തകൾക്കെതിരെയും ഓൺലൈൻ ചൂതാട്ടത്തിനെതിരെയും സർക്കാർ നിയമങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്. ആഭ്യന്തര സുരക്ഷ ചുമതലയുള്ള മൊഹന്തി അക്കാര്യം കൂടി ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച നടത്തിയതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

