കോൺഗ്രസിനെ പ്രതിരോധത്തിലാക്കി ആഭ്യന്തര മന്ത്രി എ.ബി.വി.പി ചടങ്ങിൽ
text_fieldsബംഗളൂരു: ആർ.എസ്.എസിന്റെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പി സംഘടിപ്പിച്ച ചടങ്ങിൽ കർണാടക ആഭ്യന്തര മന്ത്രി പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് കോൺഗ്രസിനെ ദേശീയതലത്തിൽ തന്നെ പ്രതിരോധത്തിലാക്കി. അടുത്തിടെ ഉപമുഖ്യമന്ത്രിയും കർണാടക പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ നിയമസഭയിൽ ആർ.എസ്.എസിന്റെ ഓദ്യോഗിക പ്രാർഥന ഗീതമായ ഗണഗീതം പാടിയത് സംബന്ധിച്ച വിവാദത്തിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയും പാർട്ടിയെ വെട്ടിലാക്കിയത്.
സംഭവത്തിനു പിന്നാലെ വിശദീകരണവുമായി പരമേശ്വര രംഗത്തുവന്നു. താൻ പരിപാടിയിൽ ഔദ്യോഗികമായി പങ്കെടുക്കുകയോ ഉദ്ഘാടനം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും സ്വാതന്ത്ര്യ സമര സേനാനിയായ റാണി അബ്ബക്കയുടെ സ്മരണാർഥം സംഘടിപ്പിച്ച ചടങ്ങിൽ പുഷ്പാർച്ചന മാത്രം നടത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു.
തുമകൂരുവിലെ തിപ്തൂരിൽ എ.ബി.വി.പി സംഘടിപ്പിച്ച റാണി അബ്ബക്ക രഥയാത്രയിലാണ് സംഭവം. കോൺഗ്രസ് നേതാക്കൾ ആർ.എസ്.എസ് വിദ്യാർഥി സംഘടനയുടെ പരിപാടികളിൽ പങ്കെടുത്തതായി ചൂണ്ടിക്കാട്ടി, പരമേശ്വര ചടങ്ങിൽ പങ്കെടുത്തതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെയാണ് പരമേശ്വരയുടെ വിശദീകരണം. രഥയാത്ര ചടങ്ങിനിടെ തന്റെ കാർ അതുവഴി പോയപ്പോൾ റാണി അബ്ബക്കയോടുള്ള ആദരവ് താൻ പ്രകടിപ്പിക്കുകയായിരുന്നെന്നാണ് പരമേശ്വരയുടെ വാദം.
തിപ്തൂർ എം.എൽ.എ ശതാക്ഷരിയും തനിക്കൊപ്പമുണ്ടായിരുന്നതായും കാർ നിർത്തി റാണി അബ്ബക്കക്ക് പൂക്കളർപ്പിച്ച് തിരിച്ച് കാറിൽ കയറി പോയതായും അദ്ദേഹം വിശദീകരിച്ചു. വിവാദമുണ്ടാക്കുന്നവർ അതു ചെയ്യട്ടെയെന്നും മരണം വരെ താനൊരു യഥാർഥ കോൺഗ്രസുകാരനാണെന്നും പാർട്ടിയോടുള്ള തന്റെ ആദർശപരമായ കൂറ് ആർക്കും ചോദ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

