രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിന് സ്റ്റേ
text_fieldsകോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബംഗളൂരുവിലെ കോടതിയിൽ കഴിഞ്ഞ ജൂൺ ഏഴിന് ഹാജരാകാനെത്തിയപ്പോൾ
ബംഗളൂരു: രാഹുൽ ഗാന്ധി എം.പിക്കെതിരെ ബി.ജെ.പി നൽകിയ മാനനഷ്ടക്കേസിന് കർണാടക ഹൈകോടതി സ്റ്റേ അനുവദിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. കർണാടകയിലെ മുൻ ബി.ജെ.പി സർക്കാറിനെതിരായ ‘40 ശതമാനം കമീഷൻ അഴിമതി’ ആരോപണവുമായി ബന്ധപ്പെട്ടാണ് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി മാനനഷ്ടക്കേസ് നൽകിയത്. കേസ് കഴിഞ്ഞ ദിവസം പരിഗണിച്ച ഹൈകോടതി, കേസിൽ ബി.ജെ.പിക്ക് നോട്ടീസയച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ബി.ജെ.പി സർക്കാറിനെതിരെ 40 ശതമാനം കമീഷൻ അഴിമതി ആരോപണമുന്നയിച്ചത്. 2019 മുതൽ 2023 വരെയുള്ള ബി.ജെ.പി ഭരണകാലയളവിനിടെ കരാർ പ്രവൃത്തികൾക്ക് കരാറുകാരിൽനിന്ന് 40 ശതമാനം കമീഷൻ കൈപ്പറ്റിയതായായിരുന്നു ആരോപണം. അന്നത്തെ ഗ്രാമീണ വികസന മന്ത്രിയായിരുന്ന മന്ത്രി കെ.എസ്. ഈശ്വരപ്പക്കെതിരെ ഇതുസംബന്ധിച്ച് ആരോപണമുന്നയിച്ച് ബി.ജെ.പി പ്രവർത്തകൻകൂടിയായ കരാറുകാരൻ ഉഡുപ്പിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് കോൺഗ്രസ് നടത്തിയ 40 ശതമാനം കമീഷൻ സർക്കാർ, പേ സി.എം കാമ്പയിനുകൾ ബി.ജെ.പി സർക്കാറിന് തിരിച്ചടിയായി. മന്ത്രി ഈശ്വരപ്പക്ക് രാജിവെച്ച് പുറത്തുപോകേണ്ടിയും വന്നു. ബി.ജെ.പി സർക്കാറിനെതിരായ അഴിമതിയാരോപണം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കോൺഗ്രസ് ഉന്നയിച്ചു. തുടർന്ന് ‘40 ശതമാനം കമീഷൻ സർക്കാർ’ എന്ന പേരിൽ പത്രമാധ്യമങ്ങളിൽ പരസ്യം ചെയ്തത് അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടി, രാഹുൽ ഗാന്ധി, അന്ന് പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ, കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ എന്നിവർക്കെതിരെ ബി.ജെപി കർണാടക ജനറൽ സെക്രട്ടറിയും എം.എൽ.സിയുമായ കേശവ് പ്രസാദ് 2023 മേയിൽ പരാതി നൽകി.
40 ശതമാനം കമീഷൻ ആരോപണം അടിസ്ഥാനരഹിതവും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കും മറ്റു ബി.ജെ.പി നേതാക്കൾക്കും മാനഹാനിയുണ്ടാക്കുന്നതുമാണെന്ന് പരാതിയിൽ ആരോപിച്ചു. കേസിൽ ബംഗളൂരുവിലെ 42ാം അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ കോടതി രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടിരുന്നു. തുടർന്ന് 2024 ജൂൺ ഏഴിന് രാഹുൽ ഗാന്ധി ഹാജരാവുകയും കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു. സിദ്ധരാമയ്യ, ശിവകുമാർ എന്നിവരും ജൂൺ ഒന്നിന് കോടതിയിൽ ഹാജരായി ജാമ്യം നേടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹരജി ഫെബ്രുവരി 20ന് ഹൈകോടതി വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

