കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിൽ വ്യക്തതതേടി കർണാടക ഹൈകോടതി
text_fieldsബംഗളൂരു: കൊഗിലു ലേഔട്ടിൽനിന്നും കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ താൽക്കാലിക പുനരധിവാസം പരിശോധിക്കുന്നതിൽ കോടതിയെ സഹായിക്കുന്നതിനായി കർണാടക ഹൈകോടതി അഭിഭാഷക ബി.വി. വിദ്യുദ്ലതയെ അമിക്കസ് ക്യൂറിയായി നിയമിച്ചു. സൈബ തബസ്സും മറ്റുള്ളവരും സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് തീരുമാനം.
കൊഗിലു ലേഔട്ടിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ 2025 ഡിസംബർ 20ന് വസീം, ഫക്കീർ കോളനികളിലെ വീടുകള്‍ പൊളിച്ചുമാറ്റിയതിനെ ഹരജിക്കാർ എതിർക്കുകയും പൊളിക്കുന്നതിനുമുമ്പ് മുൻകൂർ കാരണം കാണിക്കൽ മുന്നറിയിപ്പുകൾ നൽകേണ്ട സുപ്രീം കോടതി മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും അവർ വാദിച്ചു.
വസ്തുതാപരമായ സാഹചര്യം കണക്കിലെടുക്കുമ്പോൾ, കൊഗിലു ലേഔട്ടിൽ തന്നെ പുനരധിവാസം നടത്തണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. പൂനാച്ച എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഖരമാലിന്യ സംസ്കരണ പ്ലാന്റിന്റെ ഭാഗമായ സ്ഥലം താമസയോഗ്യമല്ല എന്നും അത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം കോടതി ചൂണ്ടിക്കാട്ടി. കുടിയിറക്കപ്പെട്ട നിരവധി കുടുംബങ്ങൾക്ക് താൽക്കാലിക അലോട്ട്മെന്റ് ലെറ്ററുകൾ കൈവശമുണ്ടെന്ന് ഹരജിക്കാര്‍ വാദിച്ചു. പരിശോധനയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടി കോടതിയെ അറിയിച്ചു.
കുടുംബങ്ങളുടെ കൈവശമുള്ള ഏഴ് അലോട്ട്മെന്റ് ലെറ്ററുകളിൽ നാലെണ്ണം ഔദ്യോഗിക രേഖകളിൽ കണ്ടെത്തിയില്ലെന്നും ബാക്കി മൂന്നെണ്ണം വ്യത്യസ്ത സ്ഥലവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വാദിച്ചു. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കുടിയിറക്കപ്പെട്ട 167 കുടുംബങ്ങളുടെ പൂർണ വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, സർക്കാറിന്റെ കണക്കുകള്‍ തെറ്റാണെന്നും 800ലധികം ആളുകളുടെ വീടുകള്‍ പൊളിച്ചുമാറ്റിയിട്ടുണ്ടെന്നും ഹരജിക്കാരുടെ അഭിഭാഷകൻ വാദിച്ചു.
സംസ്ഥാനം പരാമർശിച്ച നാല് താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങൾ ശരിയായ രീതിയില്‍ പ്രവർത്തിക്കുന്നില്ലെന്നും ഇതുവരെ പത്തോ പന്ത്രണ്ടോ ആളുകൾ മാത്രമേ ഇത്തരം കേന്ദ്രങ്ങളില്‍ താമസിച്ചിട്ടുള്ളൂവെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. പുതുതായി നിയമിതനായ അമിക്കസ് ക്യൂറിയെ സഹായിക്കാൻ കർണാടക സ്റ്റേറ്റ് ലീഗൽ സർവിസസ് അതോറിറ്റിയോട് ബെഞ്ച് നിർദേശിച്ചു.
അധികാരികൾ സ്വീകരിച്ച താൽക്കാലിക പുനരധിവാസ നടപടികൾ, വീടുകള്‍ നഷ്ടമായ ആളുകളുടെ കൃത്യമായ എണ്ണം, കുടിയിറക്കപ്പെട്ടവർക്ക് മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ എന്നതിന്റെ വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടു.
കൊഗിലു ലേഔട്ടിലെ ഭൂമിയിൽ 9.36 ഏക്കർ വിസ്തൃതിയുള്ള ഉപേക്ഷിക്കപ്പെട്ട ഒരു ക്വാറിയും അഞ്ച് ഏക്കർ വിസ്തൃതിയുള്ള മറ്റൊരു സ്ഥലവും ഉൾപ്പെടുന്നുവെന്നും 2014 നവംബറിലും 2016 ഫെബ്രുവരിയിലും പുറപ്പെടുവിച്ച സർക്കാർ ഉത്തരവുകൾ പ്രകാരം ബൃഹദ് ബംഗളൂരു മഹാനഗര പാലികെക്ക് മാലിന്യ നിർമാർജന സ്ഥലമായി കൈമാറിയതായും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് ഖരമാലിന്യ നിർമാർജനത്തിനായി ഈ ഭൂമി തുടർച്ചയായി ഉപയോഗിച്ചുവരുകയാണെന്നും കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

