Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബൈക്ക് ടാക്സി നിരോധനം...

ബൈക്ക് ടാക്സി നിരോധനം കർണാടക ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
ബൈക്ക് ടാക്സി നിരോധനം കർണാടക ഹൈകോടതി റദ്ദാക്കി
cancel

ബംഗളൂരു: കർണാടകയിലെ ഗതാഗത മേഖലയിൽ നിർണായക മാറ്റത്തിന് വഴിയൊരുക്കി സംസ്ഥാനത്തെ ബൈക്ക് ടാക്സി നിരോധനം ഹൈകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ബൈക്ക് ടാക്സികളായി സര്‍വിസ് നടത്താന്‍ വ്യക്തിഗത ബൈക്ക് ഉടമകളും ഓല, ഉബർ, റാപ്പിഡോ തുടങ്ങിയ ബൈക്ക്-ടാക്സി അഗ്രഗേറ്റർമാരും സമര്‍പ്പിച്ച അപ്പീലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. മോട്ടോർ സൈക്കിളുകൾ ‘ഗതാഗത വാഹനങ്ങളുടെ’ പരിധിയിൽ വരുമെന്നും അവക്ക് സര്‍വിസ് നടത്താൻ നിയമപരമായ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ഒരു വ്യക്തിക്ക് ഇഷ്ടമുള്ള തൊഴിൽ ചെയ്യാനുള്ള അവകാശത്തെ (ആര്‍ട്ടിക്ള്‍ 19(1) (ജി)) ഹനിക്കുന്നതാണ് സമ്പൂർണ നിരോധനമെന്ന് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ബൈക്കുകൾ ‘ട്രാൻസ്‌പോർട്ട് വെഹിക്ൾ’ ആയി രജിസ്റ്റർ ചെയ്യാൻ ഉടമകൾക്ക് അപേക്ഷ നൽകാം. മോട്ടോർ സൈക്കിളുകൾ ട്രാൻസ്പോർട്ട് വാഹനങ്ങളായി പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന കാരണത്താൽ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കാൻ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 74 (2) പ്രകാരം ആവശ്യമായ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പരിഗണിക്കാൻ പ്രാദേശിക ഗതാഗത അധികാരികൾക്ക് ബെഞ്ച് നിർദേശം നൽകി.

സർവിസ് നടത്തുന്ന ബൈക്കുകൾക്ക് മഞ്ഞ നമ്പർ പ്ലേറ്റും കോൺട്രാക്ട് കാര്യേജ് പെർമിറ്റും നൽകാൻ കോടതി നിർദേശിച്ചു. 2025 ഏപ്രിലിൽ സിംഗ്ൾ ബെഞ്ച് ഏർപ്പെടുത്തിയ നിരോധനമാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് നീക്കിയത്.

നിരോധനംമൂലം കർണാടകയിൽ ആറു ലക്ഷത്തോളം ഡ്രൈവർമാരുടെ ഉപജീവനമാർഗം തടസ്സപ്പെട്ടതായി ഊബർ, റാപ്പിഡോ തുടങ്ങിയ കമ്പനികൾ കോടതിയെ അറിയിച്ചിരുന്നു. ബംഗളൂരു പോലുള്ള നഗരങ്ങളിലെ കടുത്ത ഗതാഗതക്കുരുക്കിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ വേഗത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നത് ബൈക്ക് ടാക്സികളിലാണെന്ന് കോടതി വിലയിരുത്തി. ഓല, ഊബർ, റാപ്പിഡോ എന്നീ കമ്പനികൾ കോടതി വിധിയെ സ്വാഗതം ചെയ്തു. ഇതൊരു ചരിത്രപരമായ വിധിയാണെന്നും ലക്ഷക്കണക്കിന് ഡ്രൈവർമാർക്ക് ഇത് ആശ്വാസമാകുമെന്നും ഊബർ വക്താവ് പ്രതികരിച്ചു.

വൈകാതെത്തന്നെ ആപ്പുകളിൽ ബൈക്ക് ടാക്സി ബുക്കിങ് ഓപ്ഷനുകൾ പുനഃസ്ഥാപിക്കപ്പെടുമെന്നാണ് സൂചന. വിധിപ്പകർപ്പ് ലഭിച്ച ശേഷം കൃത്യമായ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. യാത്രക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിബന്ധനകൾ സർക്കാർ ഏർപ്പെടുത്തിയേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metrokarnataka highcourtbike taxi
News Summary - Karnataka High Court quashes bike taxi ban
Next Story