43 ക്രിമിനൽ കേസുകൾ പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് നിർദേശം നൽകിയ സംസ്ഥാന സർക്കാർ ഉത്തരവ് റദ്ദാക്കി കർണാടക ഹൈകോടതി
text_fieldsബംഗളൂരു: 2022ലെ ഹുബ്ബള്ളി കലാപവുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ 43 ക്രിമിനൽ കേസുകൾ പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് നിർദേശം നൽകിയ സംസ്ഥാന സർക്കാർ ഉത്തരവ് കർണാടക ഹൈകോടതി റദ്ദാക്കി. കർണാടക മന്ത്രിസഭ തീരുമാനത്തെ ചോദ്യം ചെയ്ത് അഭിഭാഷകനായ ഗിരീഷ് ഭരദ്വാജ് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ വിധി. സർക്കാർ നിർദേശം തുടക്കം മുതൽ അസാധുവാണെന്നും നിയമപരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ചീഫ് ജസ്റ്റിസ് അഞ്ജാരിയയുടെ കർണാടക ഹൈകോടതിയിലെ അവസാന വിധികൂടിയായിരുന്നു ഇതെന്ന സവിശേഷതയുമുണ്ട്.
‘ഇത് ഈ കോടതിയിൽ എന്റെ അവസാന ദിവസമാണ്. എല്ലാ അഭിഭാഷകർക്കും, കോടതി ജീവനക്കാർക്കും എന്നെ പിന്തുണച്ച എല്ലാവർക്കും ഞാൻ നന്ദി. ഇത് എന്റെ അവസാന സിറ്റിങ്, അന്തിമ പ്രഖ്യാപനം, അന്തിമ ഉത്തരവ് എന്നിവയാണ്’- തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞു.
കേസുകൾ പിൻവലിക്കുന്നതിന് ക്രിമിനൽ നടപടിക്രമ നിയമത്തിലെ (സി.ആർ.പി.സി) സെക്ഷൻ 321 പ്രകാരം അപേക്ഷകൾ ഫയൽ ചെയ്യാൻ പ്രോസിക്യൂട്ടർമാരോട് നിർദേശിച്ച സംസ്ഥാന സർക്കാർ, അതിന്റെ അധികാരം ലംഘിച്ചുവെന്ന് ഹരജിക്കാരനെ പ്രതിനിധീകരിച്ച അഭിഭാഷകൻ വെങ്കിടേഷ് ദൽവായ് വാദിച്ചു. പ്രോസിക്യൂഷനുകൾ പിൻവലിക്കാനുള്ള തീരുമാനം പബ്ലിക് പ്രോസിക്യൂട്ടറുടെ മാത്രം ഉത്തരവാദിത്തമാണെന്നും അദ്ദേഹം സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും ഭരണകർത്താക്കളുടെ നിർദേശപ്രകാരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രോസിക്യൂട്ടർമാർ സർക്കാർ തീരുമാനങ്ങളുടെ വെറും ഇടനിലക്കാരല്ലെന്നും ഓരോ കേസും മെറിറ്റിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തണമെന്നും ദൽവായ് വാദിച്ചു. നിയമ വകുപ്പും പ്രോസിക്യൂഷൻ, ഗവൺമെന്റ് വ്യവഹാര വകുപ്പും 43 കേസുകൾ പിൻവലിക്കരുതെന്ന് ഉപദേശം നൽകിയിരുന്നുവെന്നും എന്നാൽ ആഭ്യന്തര വകുപ്പ് ഈ ഉപദേശം അവഗണിച്ചതായും 2024 ഒക്ടോബർ 15 ന് പിൻവലിക്കൽ ഉത്തരവ് പുറപ്പെടുവിച്ചതായും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
പിൻവലിക്കാൻ തിരഞ്ഞെടുത്ത കേസുകളിൽ കലാപം, കൊലപാതകശ്രമം, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, പൊതുസ്വത്ത് നശിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നതായും മുൻ മന്ത്രിമാർ, എം.എൽ.എമാർ, പ്രമുഖ സംഘടനകളുടെ ഭാരവാഹികൾ എന്നിവരുൾപ്പെടെ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി പട്ടിക തിരഞ്ഞെടുത്ത് തയാറാക്കിയതാണെന്ന് പൊതുതാൽപര്യ ഹരജിയിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

