കുപ്പിവെള്ളം: കരുതൽ വേണം-ആരോഗ്യ മന്ത്രി
text_fieldsബംഗളൂരു: സംസ്ഥാനത്ത് വിപണിയിലുള്ള സുരക്ഷിതമല്ലാത്ത മിനറൽ വാട്ടർ ബോട്ടിലുകളെക്കുറിച്ച് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു മുന്നറിയിപ്പ് നൽകി. ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കേജ്ഡ് മിനറൽ വാട്ടർ എല്ലായിടത്തും വിവിധ ബ്രാൻഡുകളിൽ ലഭ്യമാണ്. എന്നാൽ, സുരക്ഷാ പരിശോധനയിൽ അവയിൽ പലതും മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എല്ലാ ബ്രാൻഡുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നുണ്ടെന്നും ഗുണനിലവാരമില്ലാത്തവക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില ധാതുക്കളുടെ അഭാവം മൂലം ചില സാമ്പിളുകൾ നിലവാരമില്ലാത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അത്ര അപകടകരമല്ല.
പക്ഷേ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ ജല സാമ്പിളുകളിൽ ദോഷകരമായ രാസവസ്തുക്കളും ബാക്ടീരിയകളും അടങ്ങിയിട്ടുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ അപകടങ്ങൾ സൃഷ്ടിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗം ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ 296 കുടിവെള്ള കുപ്പി സാമ്പിളുകൾ വിശകലനത്തിനായി ശേഖരിച്ചിരുന്നു. 255 സാമ്പിളുകളിൽ 72 എണ്ണം സുരക്ഷിതമാണെന്നും, 95 എണ്ണം സുരക്ഷിതമല്ലെന്നും, 88 എണ്ണം നിലവാരമില്ലാത്തതാണെന്നും കണ്ടെത്തി.
ശേഷിക്കുന്ന സാമ്പിളുകളുടെ വിശകലനം പുരോഗമിക്കുകയാണ്. ഇതിനുപുറമെ, മറ്റു ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും പരിശോധന തുടരുകയാണ്. ഗ്രീൻപീസിൽ കൃത്രിമ നിറങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ 115 സാമ്പിളുകൾ ശേഖരിച്ച് വിശകലനത്തിനായി അയച്ചു. ഇതിൽ 46 സാമ്പിളുകൾ സുരക്ഷിതമാണെന്നും 69 എണ്ണം സുരക്ഷിതമല്ലെന്നും കണ്ടെത്തി. 49 നെയ്യ് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും അതിൽ ആറ് സാമ്പിളുകൾ സുരക്ഷിതമാണെന്ന് കണ്ടെത്തി. ബാക്കിയുള്ള സാമ്പിളുകൾ വിശകലനത്തിലാണ്.
231 പനീർ സാമ്പിളുകളിൽ 32 എണ്ണം വിശകലനം ചെയ്തതിൽ രണ്ടെണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. 46 പ്രാദേശിക ബ്രാൻഡുകളുടെ ജ്യൂസ്/പാനീയ സാമ്പിളുകളിൽ നിന്ന് 39 ഐസ് കാൻഡി സാമ്പിളുകളും 107 ഐസ്ക്രീം സാമ്പിളുകളും ശേഖരിച്ച് വിശകലനത്തിനായി അയച്ചു. പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ജ്യൂസുകൾ, ഐസ് കാൻഡി, ഐസ്ക്രീമുകൾ എന്നിവയുടെ 92 ഉൽപാദന/വിൽപന യൂനിറ്റുകൾക്ക് നോട്ടീസ് നൽകിയതായും ആറ് യൂനിറ്റുകൾക്ക് 38,000 രൂപ പിഴ ചുമത്തിയതായും മന്ത്രി അറിയിച്ചു. നിയമങ്ങൾ പാലിക്കാത്തതിന് 214 ഹോട്ടലുകൾക്കും റസ്റ്റാറന്റുകൾക്കും നോട്ടീസ് നൽകി. 11 സ്ഥാപനങ്ങൾക്ക് 1.15 ലക്ഷം രൂപ പിഴ ചുമത്തി.
ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ 1,891 സാമ്പിളുകൾ എടുത്ത് ബംഗളൂരു, ഹുബ്ബള്ളി, ബല്ലാരി എന്നിവിടങ്ങളിലെ ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറികളിൽ വിശകലനം ചെയ്തു. അവയിൽ കഴിഞ്ഞ മാസത്തിൽ 1,298 സാമ്പിളുകൾ ഗുണനിലവാരമുള്ളതായും 41 എണ്ണം ഗുണനിലവാരമില്ലാത്തതായും കണ്ടെത്തി. 2024-25 വർഷത്തിൽ ആകെ 10 കേസുകൾ ഫയൽ ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.