ലിംഗ നിര്‍ണയ റാക്കറ്റ്; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്
text_fieldsബംഗളൂരു: കർണാടകയിൽ ലിംഗ നിര്‍ണയ റാക്കറ്റ് പ്രവർത്തിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. കർണാടക ആരോഗ്യ വകുപ്പ് ആന്ധ്രപ്രദേശ് ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ നടത്തിയ ഓപറേഷനിലാണ് സംസ്ഥാനത്ത് ലിംഗ നിര്‍ണയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.
മാണ്ഡ്യ ജില്ലയിലെ ഗർഭിണിയായ സ്ത്രീ ആന്ധ്രപ്രദേശിലെ ഗുണ്ട്കലില് വെച്ച് ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തിയത് കണ്ടെത്തിയതായി വെളിപ്പെടുത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുഞ്ഞാണ് എന്നറിഞ്ഞതിനെ തുടര്‍ന്ന് മരുന്ന് നിർത്തിയതായും അവർ വെളിപ്പെടുത്തി. സ്ത്രീയുടെ ആരോഗ്യസ്ഥിതി വഷളാകുന്നത് ശ്രദ്ധയിൽപ്പെട്ട മലവള്ളിയിലെ ആശാ വർക്കർമാർ ലിംഗ നിര്‍ണയം നടത്തിയ വിവരം മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരെ അറിയിച്ചു.
ആരാണ് ലിംഗ നിര്‍ണയം നടത്തിയതെന്നത് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് പ്രീ കൺസെപ്ഷൻ ആൻഡ് പ്രീ നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (പി.സി.പി.എൻ.ഡി.ടി) സംസ്ഥാന നോഡൽ ഓഫിസറായ ഡോ. വിവേക് ദൊരൈ ആന്ധ്രപ്രദേശിലെ തന്റെ സഹപ്രവര്‍ത്തകനായ ഡോ. കെ.വി.എൻ.എസ്. അനിൽ കുമാറുമായി സഹകരിച്ച് ഒരു ഡെക്കോയ് ഓപറേഷൻ ആസൂത്രണം ചെയ്തു. ഓപറേഷന്റെ ഭാഗമായി മാണ്ഡ്യയിലെ ദമ്പതികളോട് യഥാർഥ ഏജന്റുമായി വീണ്ടും ബന്ധപ്പെടാൻ ആവശ്യപ്പെട്ടു.
നോട്ടുകളുടെ സീരിയൽ നമ്പർ അടയാളപ്പെടുത്തിയ ശേഷം കർണാടക ഉദ്യോഗസ്ഥർ ദമ്പതികൾക്ക് 9,000 രൂപ പണമായി നൽകി. വീണ്ടും ലിംഗനിർണയ പരിശോധനയിൽ താൽപര്യം പ്രകടിപ്പിച്ച് ദമ്പതികൾ ഏജന്റിനെ ബന്ധപ്പെട്ടു. ഏജന്റ് 7,500 രൂപ സ്വീകരിക്കുകയും പരിശോധന നടത്താൻ ഒരു മെഡിക്കൽ ഓഫിസറെ ബന്ധപ്പെടാൻ സൗകര്യമൊരുക്കുകയും ചെയ്തു.
പിന്നീട് ഗർഭസ്ഥ ശിശു പെണ്‍കുഞ്ഞാണെന്ന് മെഡിക്കല്‍ ഓഫിസര്‍ ദമ്പതികളെ അറിയിച്ചു. ഗുണ്ട്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്ത ഡോ. ബേബി വഴി ഗർഭച്ഛിദ്രം നടത്താമെന്ന് പറയുകയും ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്തു.
തുടര്‍ന്ന് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഏജന്റിന്റെ കൈയിലുള്ള പണം പരിശോധിച്ചപ്പോൾ മുൻകൂട്ടി രേഖപ്പെടുത്തിയ സീരിയൽ നമ്പറുകളുള്ള കറൻസിയാണ് കൈവശമുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി കർണാടക ആരോഗ്യ വകുപ്പ് കണ്ടെത്തിയ രേഖകള്‍ ആന്ധ്രപ്രദേശ് ഉദ്യോഗസ്ഥർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

