പൊതുയിടങ്ങളിലെ പരിപാടി; സ്റ്റേ നീക്കാൻ വിസമ്മതിച്ച് ഡിവിഷൻ ബെഞ്ച്
text_fieldsബംഗളൂരു: ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകൾ പൊതുയിടങ്ങളിൽ പരിപാടികൾ നടത്തുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത സിംഗിൾബെഞ്ച് നടപടിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈകോടതി ഡിവിഷൻ ബെഞ്ച്. സ്റ്റേ നീക്കണമെന്ന ആവശ്യവുമായി സിംഗിൾബെഞ്ചിനെ തന്നെ സമീപിക്കാൻ ജസ്റ്റിസുമാരായ എസ്.ജി. പാണ്ഡെ, കെ.ബി. ഗീത എന്നിവരടങ്ങിയ ബെഞ്ച് സർക്കാറിനോട് നിർദേശിച്ചു.
സിംഗിൾബെഞ്ച് ഉത്തരവിനെതിരെ കർണാടക സർക്കാർ നൽകിയ റിട്ട് അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സർക്കാർ സ്കൂളുകളിലും റോഡുകളിലുമടക്കം പൊതുയിടങ്ങളിലെ ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടനയുടെ പേര് പരാമർശിക്കാതെ സർക്കാർ ഒക്ടോബർ 18ന് ഉത്തരവിറക്കിയത്. ഇതുപ്രകാരം പൊതുയിടങ്ങളിൽ പരിപാടികൾ നടത്തുന്നതിന് സംഘടനകൾ മൂന്നുദിവസം മുമ്പ് അനുമതി വാങ്ങണം. ഇതിനെ ചോദ്യം ചെയ്ത് പുനശ്ചേതന സേവ സമസ്തെ, വീ കെയർ ഫൗണ്ടേഷൻ എന്നീ സംഘടനകളും ധാർവാഡ് സ്വദേശി രാജീവ് മൽഹാർ പാട്ടീൽ കുൽക്കർണി, ബെളഗാവി സ്വദേശിനി ഉമ സത്യജിത് ചവാൻ എന്നിവരുമാണ് സിംഗിൾബെഞ്ചിനെ സമീപിച്ചത്.
സർക്കാർ ഉത്തരവ് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് നിരീക്ഷിച്ച് കോടതി സ്റ്റേ ചെയ്യുകയായിരുന്നു. എം. നാഗപ്രസന്നയുടെ സിംഗിൾബെഞ്ച് 17ന് കേസ് വീണ്ടും പരിഗണിക്കും. സംസ്ഥാനത്തെ ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യക്കയച്ച കത്താണ് പുതിയ ഉത്തരവിന് വഴിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

