കർണാടക നാലു താപ്പാനകളെ ആന്ധ്രക്ക് കൈമാറി
text_fieldsമുഖ്യമന്ത്രിയും ആന്ധ്ര ഉപമുഖ്യമന്ത്രിയും പരസ്പരം രേഖകൾ കൈമാറുന്നു
മംഗളൂരു: കർണാടക നാലു താപ്പാനകളെ ബുധനാഴ്ച ആന്ധ്രപ്രദേശിന് കൈമാറി. ആറെണ്ണം നൽകാൻ തീരുമാനിച്ചതിന്റെ ആദ്യ കൈമാറ്റമാണിത്.
വർധിച്ചുവരുന്ന മനുഷ്യ-ആന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെയും ഏകോപനത്തിന്റെയും ഭാഗമാണിതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങിൽ പറഞ്ഞു. മുഖ്യമന്ത്രിയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണും രേഖകൾ പരസ്പരം ഏറ്റുവാങ്ങി.
2022ൽ ചിക്കമഗളൂരുവിൽ പിടികൂടിയ കൃഷ്ണ (15),2023ൽ ഹൊന്നാലിയിൽ പിടികൂടിയ ശിവമൊഗ്ഗ അഭിമന്യു (14), 2019ൽ കുശാൽനഗറിൽ പിടികൂടിയ ദേവ (39), ദുബാരെ ക്യാമ്പിൽ ജനിച്ച രഞ്ജൻ (26)എന്നീ ആനകളെയാണ് കർണാടക വിട്ട് അയൽ സംസ്ഥാനത്തേക്ക് കൊണ്ടുപോയത്.
കർണാടക കൈമാറിയ താപ്പാനകളെ ആന്ധ്രയിലേക്ക് സ്വീകരിച്ചു കൊണ്ടുപോകുന്നു
കരാർ പ്രകാരം രണ്ട് ആനകളെ കൂടി പിന്നീട് അയക്കും. രണ്ടെണ്ണം പിന്നീട് കൈമാറും. സംസ്ഥാനത്ത് 3695 ആനകളുണ്ടെന്നും ഇതു രാജ്യത്തെ ഏറ്റവും ഉയർന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമീപകാലത്ത് മനുഷ്യ-ആന സംഘർഷങ്ങൾ വർധിച്ചുവരുകയാണ്. അത് തടയുന്നതിന് എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം പ്രധാനമാണ്.
മറ്റു സംസ്ഥാനങ്ങളുമായി ഏകോപനം ഉണ്ടായാൽ മാത്രമേ സംഘർഷങ്ങൾ കുറക്കാൻ കഴിയൂ എന്ന് മുഖ്യമന്ത്രി തുടർന്നു. കുങ്കി ആനകളെ നൽകി തന്റെ സംസ്ഥാനത്ത് മനുഷ്യ-ആന സംഘർഷം ലഘൂകരിക്കാൻ സഹായിച്ചതിന് കർണാടക സർക്കാറിനോട് പവൻ കല്യാൺ പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ നന്ദി പറഞ്ഞു.
രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഇതൊരു പുതിയ തുടക്കമാണോ എന്ന ചോദ്യത്തിന്, ‘‘കൃത്യമായി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ഇതുതന്നെയാണ് പറഞ്ഞത്.
തുംഗഭദ്ര ജലം പങ്കിടുന്നത് സംബന്ധിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംസാരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മുന്നോട്ടുവെച്ച അഭ്യർഥന ഞാൻ പരിഗണിക്കും. രണ്ട് സംസ്ഥാനങ്ങൾക്കും ഇടയിൽ എന്താണ് വേണ്ടതെന്ന് ഞാൻ ചിന്തിക്കും’’- അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

