108 ആംബുലൻസ്; ഇനി ആരോഗ്യവകുപ്പ് നേരിട്ട് സർവിസ് നടത്തും
text_fieldsആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു ‘എക്സ്’ൽ പങ്കുവെച്ച ചിത്രങ്ങൾ
ബംഗളൂരു: സംസ്ഥാനത്ത് അടിയന്തര ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 108 ആംബുലൻസ് സേവനം ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള മാനേജ്മെന്റിന് കീഴിൽ കൊണ്ടുവരാനുള്ള നിർദേശം സർക്കാർ അംഗീകരിച്ചതായി ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു വെള്ളിയാഴ്ച പറഞ്ഞു.
ഈ സംരംഭം സ്വകാര്യ നിയന്ത്രണത്തിലുള്ള പ്രവർത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം ‘എക്സി’ൽ കൂട്ടിച്ചേർത്തു. ഈ നീക്കം 108 ആംബുലൻസ് സേവനത്തിന്റെ കാര്യക്ഷമത ഗണ്യമായി വർധിപ്പിക്കുമെന്നും സംസ്ഥാന ഖജനാവിന് ഏകദേശം 250 കോടി രൂപ ലാഭിക്കുമെന്നും മന്ത്രി പറഞ്ഞു.
715 ആംബുലൻസുകളുടെ കൂട്ടം കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനതലത്തിൽ സെൻട്രൽ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സ്ഥാപിക്കും. ഈ സംവിധാനത്തിനായി ‘112 NG-ERSS’ (നെക്സ്റ്റ്-ജനറേഷൻ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം) സോഫ്റ്റ്വെയർ ഉപയോഗിക്കും. എല്ലാ ജില്ലയിലും 108 ആംബുലൻസ് കൺട്രോൾ സെന്ററുകൾ സ്ഥാപിക്കും. പ്രവർത്തന മേൽനോട്ട ചുമതല ജില്ലാ ആരോഗ്യ ഓഫിസർമാർക്ക് (ഡി.എച്ച്.ഒ) നൽകും.
ജില്ലതലത്തിൽ ആംബുലൻസ് ഡ്രൈവർമാരെയും നഴ്സിങ് ജീവനക്കാരെയും ഔട്ട്സോഴ്സ് ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയ റാവു, ചാമരാജനഗർ ജില്ലയിൽ ഇതിന് തുടക്കം കുറിച്ചതായി അറിയിച്ചു. മറ്റു ജില്ലകളിലും ഘട്ടം ഘട്ടമായി ഇത് പിന്തുടരും.
108 ആംബുലൻസുകൾക്ക് പുറമേ തടസ്സമില്ലാത്ത അടിയന്തര പ്രതികരണത്തിനായി ഏകീകൃത 108 ആംബുലൻസ് കമാൻഡ് സെന്ററിന് കീഴിൽ 1,000ലധികം സർക്കാർ ഉടമസ്ഥതയിലുള്ള ആംബുലൻസുകൾ സംയോജിപ്പിക്കാൻ പദ്ധതിയുണ്ട്. പുതിയ സംരംഭത്തിന്റെ ഭാഗമായി ആംബുലൻസ് സർവിസ് ഉദ്ഘാടന ചിത്രങ്ങൾ മന്ത്രി ‘എക്സ്’ൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

